കോയമ്പത്തൂര്‍ സി.എം.ഐ പ്രേഷിതാ പ്രൊവിന്‍സില്‍ നിന്ന് ഒന്‍പത് നവവൈദികര്‍
തൃശൂര്‍: സിഎംഐ സഭയുടെ കോയമ്പത്തൂര്‍ പ്രവിശ്യയിലെ ഒന്‍പത് ഡീക്കന്മാര്‍ പൗരോഹിത്യം സ്വീകരിച്ചു. സിഫിന്‍ തൈക്കാടന്‍ സിഎംഐ, റിജോണ്‍ കൊക്കാലി സിഎംഐ, ബിബിന്‍ തെക്കിനിയാത്ത് സിഎംഐ, ലൂക്കാച്ചന്‍ ചിറമാട്ടേല്‍ സിഎംഐ, റോണി പാണേങ്ങാടന്‍ സിഎംഐ, ലോയിഡ് മൊയലന്‍ സിഎംഐ, ജോബി മുതുപ്ലാക്കല്‍ സിഎംഐ, ഷെറിന്‍ കൊടക്കാടന്‍ സിഎംഐ, സെബിന്‍ വടക്കിനിയത്ത് സിഎംഐ എന്നിവരാണ് അഭിഷിക്തരായത്. താലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കൈവയ്പ്പ്് ശുശ്രൂഷയിലൂടെയാണ് ഇവര്‍ വൈദികരായി അഭിഷിക്തരായത്.
കോയമ്പത്തൂര്‍ പ്രേഷിതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. സാജു ചക്കാലക്കല്‍ സിഎംഐ, ഫാ. ഇമ്മാനുവേല്‍ കാരിയപുരയിടം എന്നിവര്‍ സഹകാര്‍മികരായി. ഇരുന്നൂറോളം വൈദികരും സിസ്റ്റര്‍മാരും ഉള്‍പ്പെടെ മൂവായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.
'സ്വയം മുറിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുന്നവനാകണം പുരോഹിതന്‍' എന്ന് ബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിര്‍വഹിക്കുന്നവരാകണം ഓരോ പുരോഹിതനും. പുരോഹിതന്‍ എപ്പോഴും സഭാസമൂഹത്തിന് സംലഭ്യനായിരിക്കണമെന്നും മാര്‍ തട്ടില്‍ ഓര്‍മിപ്പിച്ചു.
ഫാ. സാജു ചക്കാലക്കല്‍ ഏവരെയും സ്വാഗതം ചെയ്തു. ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടം സന്നിഹിതനായിരുന്നു. കോയമ്പത്തൂര്‍ പ്രൊവിന്‍സിന്റെ വികര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. വില്‍സണ്‍ ചക്യത്ത്, ഫാ. ഡാനി കൊക്കാടന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ടവമൃല: