നിമിഷപ്രിയയുടെ മോചനം; യെമനിലേക്ക് മധ്യസ്ഥ സംഘത്തെ അയയ്ക്കണമെന്ന് ആവശ്യം

 
Nimisha priya

കോഴിക്കോട്: മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്‌ക്കായി മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ കേന്ദ്രസർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ ദിവസം യെമനിലേക്ക്‌ പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെ തുടർന്നാണ് ആക്‌ഷൻ കൗൺസിലിന്റെ പ്രതിനിധികളായി കെ.ആർ.സുഭാഷ് ചന്ദ്രൻ, എൻ.കെ.കുഞ്ഞമ്മദ് കൂരാച്ചുണ്ട്, സജീവ് കുമാർ എന്നിവരെയും കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ പ്രതിനിധികളായി ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരെയും ഉൾപ്പെടുത്തി മധ്യസ്ഥ സംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ടത്. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനാണ് ഹുസൈൻ സഖാഫി. ഇസ്‌ലാം പണ്ഡിതനും യെമൻ വിദഗ്ധനുമാണു ഹാമിദ്. രണ്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി യെമനിൽ ദയാധനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കേന്ദ്രത്തെ സമീപിക്കാൻ അനുമതി നൽകിയത്. എന്നാൽ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സമഗ്ര സുരക്ഷാ വിലയിരുത്തലിനു ശേഷം മാത്രമായിരിക്കുമെന്നാണു സൂചന. നിലവിൽ യെമനിലെ ഗോത്രവിഭാഗത്തിന്റെ കൈയ്യിലുള്ള സനയിലെ ജയിലിലാണ് നിമിഷപ്രിയ.

Tags

Share this story

From Around the Web