നിമിഷപ്രിയയുടെ മോചനം: കേന്ദ്രത്തെ മറികടന്ന് ഇടപെട്ടിട്ടില്ല, സഹായിക്കുകയാണ് ചെയ്തതെന്ന് കാന്തപുരം

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ മറികടന്ന് ഇടപെട്ടിട്ടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട നടപടികളുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചര്‍ച്ചകളും പുരോഗമിക്കെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതികരണം. യെമന്‍ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നത തലയോഗമാണ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനം എടുത്തതത്.
ജൂലൈ 28ന് ആയിരുന്നു ഈ യോഗം നടന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നു. മോചനം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യന്‍ സര്‍ക്കാരിന് വടക്കന്‍ യെമനില്‍ ഔദ്യോഗികമായി ഇടപെടുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. യെമന്‍ പണ്ഡിതരുമായുള്ള വ്യക്തിപരവും ആത്മീയവുമായ ദീര്‍ഘകാല ബന്ധം കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ വഴിയൊരുക്കി. എന്നാല്‍ ഒരു ഘട്ടത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികളെ മറികടന്നിട്ടില്ല. സര്‍ക്കാരിന്റെ വെല്ലുവിളികള്‍ ലഘൂകരിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഇടപെടല്‍ സമാന്തര നയതന്ത്രമായിരുന്നില്ല, മാനുഷികവും ധാര്‍മ്മികവുമായ ലക്ഷ്യങ്ങളോടെ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.