ഒരു വര്‍ഷത്തിനിടെ 13,000 ഭീകരരെ വധിച്ചെന്ന് നൈജീരിയന്‍ പ്രസിഡന്റ്
നൈജീരിയയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൈന്യം പതിമൂവായിരത്തിലധികം ഭീകരരെ വധിച്ചതായി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു വെളിപ്പെടുത്തി.
രാജ്യത്ത് ക്രിമിനല്‍ സംഘങ്ങളും സായുധ ഗ്രൂപ്പുകളും കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും തുടരുന്ന പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ വലിയ മുന്നേറ്റം പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് രംഗത്തെത്തിയത്.
ജൂണ്‍ 12 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2023-ല്‍ താന്‍ അധികാരമേറ്റതിന് ശേഷം സായുധ വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 81 ശതമാനം കുറവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.
നൈജീരിയയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന 'ഡെമോക്രസി ഡേ' യോടനുബന്ധിച്ചായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം.
പ്രസിഡന്റിന്റെ പ്രസംഗം വലിയ വിജയങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ നൈജീരിയ ഇപ്പോഴും കടുത്ത ആഭ്യന്തര സുരക്ഷാ ഭീഷണിയിലാണ്.
ഐസിസ് (കടകട), അല്‍-ഖ്വൊയ്ദ എന്നിവയുമായി ബന്ധമുള്ള ഭീകരസംഘടനകളും സായുധ സംഘങ്ങളും മോചനദ്രവ്യത്തിനായി ജനങ്ങളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്.
സുരക്ഷാ സേനയുടെ സാന്നിധ്യം കുറവുള്ള ഗ്രാമീണ മേഖലകളിലെ സ്‌കൂളുകള്‍, പള്ളികള്‍ എന്നിവയാണ് ഭീകരര്‍ പ്രധാനമായും ആക്രമിക്കുന്നത്.
മുന്‍പ് വടക്കന്‍ മേഖലകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഭീകരപ്രവര്‍ത്തനം, ഇപ്പോള്‍ കാടുകള്‍ വഴി രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്.
സൈനിക സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഭീകരര്‍ താവളം മാറ്റുന്നത്.