ഒരു വർഷത്തിനിടെ 13,000 ഭീകരരെ വധിച്ചെന്ന് നൈജീരിയൻ പ്രസിഡന്റ്

 
333

നൈജീരിയയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ സൈന്യം പതിമൂവായിരത്തിലധികം ഭീകരരെ വധിച്ചതായി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു വെളിപ്പെടുത്തി. രാജ്യത്ത് ക്രിമിനൽ സംഘങ്ങളും സായുധ ഗ്രൂപ്പുകളും കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും തുടരുന്ന പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ വലിയ മുന്നേറ്റം പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് രംഗത്തെത്തിയത്.

ജൂൺ 12 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2023-ൽ താൻ അധികാരമേറ്റതിന് ശേഷം സായുധ വിമതർക്കെതിരെയുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ 81 ശതമാനം കുറവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. നൈജീരിയയിൽ ജനാധിപത്യം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായി ആചരിക്കുന്ന ‘ഡെമോക്രസി ഡേ’ യോടനുബന്ധിച്ചായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം.

പ്രസിഡന്റിന്റെ പ്രസംഗം വലിയ വിജയങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ നൈജീരിയ ഇപ്പോഴും കടുത്ത ആഭ്യന്തര സുരക്ഷാ ഭീഷണിയിലാണ്. ഐസിസ് (ISIS), അൽ-ഖ്വൊയ്ദ എന്നിവയുമായി ബന്ധമുള്ള ഭീകരസംഘടനകളും സായുധ സംഘങ്ങളും മോചനദ്രവ്യത്തിനായി ജനങ്ങളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്.

സുരക്ഷാ സേനയുടെ സാന്നിധ്യം കുറവുള്ള ഗ്രാമീണ മേഖലകളിലെ സ്കൂളുകൾ, പള്ളികൾ എന്നിവയാണ് ഭീകരർ പ്രധാനമായും ആക്രമിക്കുന്നത്. മുൻപ് വടക്കൻ മേഖലകളിൽ മാത്രം ഒതുങ്ങിയിരുന്ന ഭീകരപ്രവർത്തനം, ഇപ്പോൾ കാടുകൾ വഴി രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. സൈനിക സമ്മർദ്ദം ശക്തമായതോടെയാണ് ഭീകരർ താവളം മാറ്റുന്നത്.

Tags

Share this story

From Around the Web