നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ 33 പേരെ സൈന്യം രക്ഷപെടുത്തി

 
nigeria

നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സാംഫര സംസ്ഥാനത്ത് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 33 പേരെ സൈന്യം സുരക്ഷിതമായി മോചിപ്പിച്ചു. സാംഫരയിലെ സൈഫ മേഖലയിലൂടെ യാത്ര ചെയ്യുകയായിരുന്ന യാത്രാസംഘത്തെയാണ് ശനിയാഴ്ച ഉച്ചയോടെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞയുടൻ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മോചനം സാധ്യമായത്.

ബന്ദികളാക്കിയവരെയും കൊണ്ട് അജ്ഞാത കേന്ദ്രത്തിലേക്ക് നീങ്ങുകയായിരുന്ന അക്രമിസംഘത്തെ സൈന്യം വളയുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ ശക്തമായ വെടിവെയ്പ്പിൽ ഭയന്നോടിയ അക്രമികൾ ബന്ദികളെ ഉപേക്ഷിച്ച് സമീപത്തെ കാടുകളിലേക്ക് രക്ഷപെട്ടു. ആർക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിച്ചതായും ലെഫ്റ്റനന്റ് കേണൽ അലിയു ദഞ്ച വ്യക്തമാക്കി.

നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ പതിവാണ്. പ്രധാന റോഡുകളെല്ലാം ഇത്തരം ആക്രമണകാരികളുടെ ലക്ഷ്യസ്ഥാനങ്ങളായി മാറിയിട്ടുണ്ട്. സമീപ ദിവസങ്ങളിൽ രാജ്യത്ത് സമാനമായ രീതിയിൽ മുന്നൂറിലധികം ആളുകളെ സൈന്യം വിവിധ ആക്രമണങ്ങളിൽ നിന്ന് മോചിപ്പിച്ചിരുന്നു.

Tags

Share this story

From Around the Web