ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന്‍ യുവതിക്ക് കോടതിയുടെ സംരക്ഷണം

 
islam 1

കാനോ: നൈജീരിയയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും നിര്‍ബന്ധിത വിവാഹം നിരസിക്കുകയും ചെയ്തതിന്റെ പേരില്‍ യുവതിയെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തെ നൈജീരിയയിലെ കാനോ സംസ്ഥാന അധികൃതരെയും 'ഹിസ്ബ' എന്നറിയപ്പെടുന്ന ഇസ്ലാമിക മതപോലീസിനെയും ഫെഡറല്‍ ഹൈക്കോടതി വിലക്കി.

 യുവതിക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടതായി വിധി സംബന്ധിച്ച ഓഗസ്റ്റ് 11-ലെ റിപ്പോര്‍ട്ടില്‍ 'അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം' (അഉഎ) ഇന്റര്‍നാഷണല്‍ സംഘടന വ്യക്തമാക്കി.


'സാറ' എന്ന പേരില്‍ അറിയപ്പെടുന്ന യുവതിക്കെതിരെ സ്വീകരിച്ച നടപടികള്‍, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചതായി 'അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം'  വ്യക്തമാക്കി. 

കാനോ സംസ്ഥാനത്ത് താമസിച്ചിരുന്ന സാറ, തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച മൂത്ത സഹോദരങ്ങളില്‍ നിന്ന് പീഡനം നേരിട്ടതിനെത്തുടര്‍ന്ന് 2025-ല്‍ സ്വന്തം വീട്ടില്‍ നിന്ന് ഒളിച്ചോടുകയായിരിന്നു. അവളുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.


തുടര്‍ന്ന് സഹോദരങ്ങള്‍ ഹിസ്ബയിലെ മുസ്ലിം ഉദ്യോഗസ്ഥരെ സമീപിച്ച് അവളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് എഡിഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാറയെ നാല് ദിവസത്തേക്ക് തടങ്കലില്‍ വച്ചതായി റിപ്പോര്‍ട്ടുണ്ട്. 

തന്നെ മര്‍ദ്ദിക്കുകയും വിവാഹം അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് അവര്‍ ആരോപിച്ചു. 

പിന്നീട് അവള്‍ അബാരസ് എന്ന ക്രിസ്ത്യന്‍ കുടുംബത്തില്‍ അഭയം കണ്ടെത്തി. അവരോടൊപ്പം താമസിക്കുമ്പോള്‍ സ്വമേധയാ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നു.

കൂടുതല്‍ ഭീഷണികള്‍ ഉണ്ടാകുമെന്ന ഭയത്തിനിടയില്‍, ജനുവരിയില്‍ പ്ലേറ്റോ സംസ്ഥനത്തെ ജോസിലേക്ക് താമസം മാറ്റാന്‍ കുടുംബം അവളെ സഹായിച്ചു. 

എന്നാല്‍ കുടുംബം അവളെ തട്ടിക്കൊണ്ടുപോയതായി സഹോദരങ്ങള്‍ ആരോപിക്കുകയും കേസ് ഫയല്‍ ചെയ്യുകയുമായിരിന്നു. 

ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഫെഡറല്‍ ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web