നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സ്‌കൂള്‍ കുട്ടികളെയും അധ്യാപകരെയും രക്ഷപെടുത്തി സുരക്ഷാ സേന

 
nigeriya


തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒയോ സംസ്ഥാനത്തുനിന്ന് രണ്ട് മാസം മുമ്പ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 39 സ്‌കൂള്‍ കുട്ടികളെയും ആറ് അധ്യാപകരെയും സുരക്ഷാ സേന വിജയകരമായി രക്ഷപെടുത്തിയതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. 


കഴിഞ്ഞ മെയ് 15-നാണ് ഒയോയിലെ ഒരീരെ ജില്ലയിലുള്ള ഒന്നിലധികം സ്‌കൂളുകള്‍ ലക്ഷ്യമിട്ട് അക്രമികള്‍ എത്തിയത്. കുട്ടികളെയും അധ്യാപകരെയും തടവിലാക്കിയ കാലയളവില്‍ ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടതായി ഒയോ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ വക്താവ് ബയോ ഒനാനുഗ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച എട്ട് അക്രമികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ നിലവില്‍ കസ്റ്റഡിയിലാണ്. 


''കുട്ടികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും, അതുപോലെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ അധ്യാപകന്റെ കുടുംബത്തിനും തന്റെ സര്‍ക്കാര്‍ നീതി ഉറപ്പാക്കും'' പ്രസിഡന്റ് ബോല ടിനുബു പറഞ്ഞു.


നൈജീരിയയില്‍ സമീപ വര്‍ഷങ്ങളിലായി സായുധ സംഘങ്ങള്‍ നടത്തുന്ന കൂട്ടത്തോടെയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ വലിയൊരു സുരക്ഷാ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 


ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങളും അതിര്‍ത്തികളിലെ പോരായ്മകളും മുതലെടുത്ത് ക്രിമിനല്‍ സംഘങ്ങള്‍ യാത്രക്കാരെയും വിദ്യാര്‍ഥികളെയും ഗ്രാമീണരെയും പണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തടവിലാക്കുന്നത് പതിവാണ്. 


സ്‌കൂളുകള്‍ ഇത്തരം സംഘങ്ങളുടെ പ്രധാന ലക്ഷ്യങ്ങളാകാറുണ്ടെങ്കിലും, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ഇത്തരം ആക്രമണങ്ങള്‍ പൊതുവെ കുറവാണ്.
 

Tags

Share this story

From Around the Web