ടെക്‌സസിലെ നാടുകടത്തല്‍ ഭീഷണിയോട് പ്രതികരിച്ച് നൈജീരിയന്‍ സന്ന്യാസിനി

 
texasas


ജൂണ്‍ മാസത്തില്‍ തെക്കന്‍ ടെക്‌സസില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്  ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച കത്തോലിക്കാ സന്ന്യാസിനിയും നഴ്‌സുമായ സിസ്റ്റര്‍ ലെത്തീസ്യ ഉഗ്‌ബോഅജ, തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിച്ചു. 

ജൂലൈ 23 ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍, തനിക്ക് ഇനി എന്താണ് സംഭവിക്കുകയെന്ന ഭയം ഇപ്പോഴുമുണ്ടെന്നും എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ജൂണ്‍ 28 ന് ടെക്‌സസിലെ മക്കല്ലനിലുള്ള 'ഔര്‍ ലേഡി ഓഫ് സോറോസ്' പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി പോകുന്നതിനിടെ ഐസിഇ  ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച സംഭവം ഓര്‍ത്തെടുത്തുകൊണ്ട് അവര്‍ പറഞ്ഞു: ''ഞാന്‍ ഇത് തീരെ പ്രതീക്ഷിച്ചതല്ല. തികച്ചും സാധാരണമായ ഒരു ഞായറാഴ്ചയുടെ പ്രഭാതത്തില്‍, ആളുകള്‍ കര്‍ത്താവിനെ ആരാധിക്കാന്‍ കുര്‍ബാനയ്ക്ക് പോകാന്‍ തയ്യാറെടുക്കേണ്ട സമയത്ത്, ഞാന്‍ എണ്ണമറ്റ തവണ നടന്നുപോയിട്ടുള്ള അതേ തെരുവില്‍, സ്‌കൂളിന് തൊട്ടുമുന്നില്‍ വച്ചാണ് ഇതെല്ലാം സംഭവിച്ചത്. അത് ഇന്നും എന്നെ വേദനിപ്പിക്കുന്നു. ആയുധധാരികളായ രണ്ട് ഉദ്യോഗസ്ഥരായിരുന്നു അവര്‍. എന്നാല്‍, ഞാന്‍ നിരായുധയായ ഒരു സന്ന്യാസിനി ആയിരുന്നു. എന്റെ കൈയില്‍ ജപമാലയും താക്കോലും ഫോണും മാത്രമാണ് ഉണ്ടായിരുന്നത്.''


ഭയവും വേദനയും തോന്നിയിട്ടും, താന്‍ ദൈവത്തില്‍ ആശ്രയിക്കുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. 'ഡോട്ടേഴ്‌സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്‌സി' സഭയിലെ അംഗവും സൗത്ത് ടെക്‌സസ് ഹെല്‍ത്ത് സിസ്റ്റത്തിലെ രജിസ്റ്റര്‍ഡ് നഴ്‌സുമായ സി. ഉഗ്‌ബോഅജ, തനിക്ക് ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും അനുവാദം തരുമോ എന്ന് ചോദിച്ചപ്പോള്‍ ഐസ്  ഉദ്യോഗസ്ഥര്‍ ''ഇല്ല'' എന്നാണ് മറുപടി നല്‍കിയത് എന്ന് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍, അവരുടെ അഭിഭാഷകനായ കാര്‍ലോസ് ഗാര്‍സിയ സി. ഉഗ്‌ബോഅജയുടെ ഇമിഗ്രേഷന്‍ പദവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു. 

2019 ല്‍ ഒരു ഇമിഗ്രേഷന്‍ ജഡ്ജ് അവരുടെ അഭയാര്‍ഥി അപേക്ഷ തള്ളിക്കളഞ്ഞിരുന്നെങ്കിലും, നൈജീരിയയിലേക്ക് മടങ്ങിയാല്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി, ഐക്യരാഷ്ട്രസഭയുടെ 'ടോര്‍ച്ചറിനെതിരെയുള്ള കണ്‍വെന്‍ഷന്‍' പ്രകാരം നാടുകടത്തലില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. 

ഈ സംരക്ഷണം മൂലം അമേരിക്കന്‍ സര്‍ക്കാരിന് നിയമപരമായി അവരെ നൈജീരിയയിലേക്ക് നാടുകടത്താന്‍ കഴിയില്ലെങ്കിലും, 'സാങ്കേതികമായി' അവര്‍ ഇപ്പോഴും ഒരു അന്തിമ നാടുകടത്തല്‍ ഉത്തരവിന് കീഴിലാണെന്നും ഗാര്‍സിയ പറഞ്ഞു.

എന്നിരുന്നാലും, പത്തു വര്‍ഷത്തിലധികമായി തെക്കന്‍ ടെക്‌സസില്‍ സേവനമനുഷ്ഠിക്കുന്ന ഈ സന്ന്യാസിനിക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അനുമതിയുണ്ടെന്നും ഇമിഗ്രേഷന്‍ അധികൃതരുമായുള്ള ഒരു അപ്പോയിന്റ്‌മെന്റും അവര്‍ ഇതുവരെ മുടക്കിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

Tags

Share this story

From Around the Web