ക്രൈസ്തവര്‍ക്ക് ഭീഷണിയായ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള യുഎസ് ശ്രമത്തെ സ്വാഗതം ചെയ്ത് നൈജീരിയന്‍ സഭ
അബൂജ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഘടകങ്ങള്‍ക്കെതിരെ യുഎസ് നടത്തിയ സൈനിക നടപടികളെ സ്വാഗതം ചെയ്ത് നൈജീരിയയിലെ കത്തോലിക്ക സഭാനേതൃത്വം.
ഒരു ദശാബ്ദത്തിലേറെയായി പശ്ചിമാഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഭീകരത, കലാപം, കൊള്ള എന്നിവയെ അഭിസംബോധന ചെയ്യുന്നതാണ് യുഎസ് - നൈജീരിയ സംയുക്ത നടപടിയെന്ന് സഭാനേതാക്കള്‍ വിശേഷിപ്പിച്ചു.
നൈജീരിയയിലെ ഒയോ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ഇമ്മാനുവല്‍ അഡെറ്റോയിസ് ബഡെജോയും അബൂജ കത്തോലിക്കാ അതിരൂപതയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. പാട്രിക് അലുമുകുവും പുതിയ നടപടികളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
ധ്രുവീകരണമുള്ള രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഈ നടപടി നിര്‍ണായകമാണെന്നു ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ കീഴിലുള്ള സ്ഥാപനമായ പാന്‍ ആഫ്രിക്കന്‍ എപ്പിസ്‌കോപ്പല്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ മുന്‍ പ്രസിഡന്റായ ബിഷപ്പ് ബഡെജോ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി നൈജീരിയയില്‍ ക്രിസ്തീയ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ജിഹാദികള്‍ നടത്തുന്ന ശ്രമം വിലപോകില്ലായെന്ന സൂചനയാണ് സംയുക്ത തിരിച്ചടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അബൂജ അതിരൂപത കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. പാട്രിക് പറഞ്ഞു.
ഐസിസ് തീവ്രവാദികള്‍ ആസ്ഥാന കേന്ദ്രമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകള്‍ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ആക്രമണം നടത്തിയത്.
തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍, അവര്‍ക്ക് നരകം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അതാണ് സംഭവിച്ചതെന്നും ഡിസംബര്‍ 25നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരിന്നു.