നൈജീരിയ, നിക്കരാഗ്വേ, സിറിയ, ഇന്ത്യ. ക്രൈസ്തവ വിരുദ്ധ പീഡനം വര്‍ദ്ധിച്ചുവരുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐസിസി
ന്യൂയോര്‍ക്ക്: ഇരുപതിലേറെ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശകലനവുമായി ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന 'ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കി.
ലോകമെമ്പാടുമുള്ള 388 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ഉയര്‍ന്ന തോതിലുള്ള പീഡനത്തിനും വിവേചനത്തിനും വിധേയരാകുന്നുണ്ടെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ക്രൈസ്തവ വിശ്വാസികളില്‍ ഒരാള്‍ എന്നതിന് തുല്യമാണ് ഈ കണക്ക്.
ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മധ്യപൂര്‍വ്വേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൂചികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമവും പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ നൈജീരിയ, നിക്കരാഗ്വേ, സിറിയ, ഇന്ത്യ മുന്‍ നിരയിലുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് സഹോദരങ്ങള്‍ തങ്ങളുടെ വിശ്വാസ പ്രതിബദ്ധതയുടെ പേരില്‍ വലിയ വില നല്‍കേണ്ടിവരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ഗൗരവത്തോടെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ആഗോള പീഡന സൂചികയെന്ന് ഐസിസി പ്രസിഡന്റ് ഷോണ്‍ റൈറ്റ് പറഞ്ഞു.
മതപരമായ അടിച്ചമര്‍ത്തലുകള്‍ക്ക് ആക്കം കൂട്ടുന്ന പ്രവണതകളെ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു.
മതപരമായ ദേശീയത, അതിര്‍ത്തികള്‍ കടന്നുള്ള അടിച്ചമര്‍ത്തല്‍, മതസംഘടനകളിന്മേലുള്ള ഭരണകൂട നിയന്ത്രണം, ഭീകരവാദം, സ്വേച്ഛാധിപത്യം, സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം വെല്ലുവിളികള്‍ക്കിടയിലും, ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍പ്പോലും സഭ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.