ആക്രമണങ്ങൾ വിട്ടൊഴിയാതെ നൈജീരിയ; പ്ലേറ്റോ, കടുന സംസ്ഥാനങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 31 ക്രൈസ്തവർ കൊല്ലപ്പെട്ടു
നൈജീരിയയിലെ പ്ലേറ്റോ, കടുന സംസ്ഥാനങ്ങളിലെ ഗ്രാമീണ ക്രൈസ്തവ മേഖലകളിൽ ഒരാഴ്ചയ്ക്കുള്ളിൽ മുസ്ലിം ഗോത്രവർഗക്കാരായ ആയുധധാരികൾ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടതായി വിവിധ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 21-ന് വൈകിട്ട് പ്ലേറ്റോ സംസ്ഥാനത്തെ ബൊക്കോസ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ മുഷെരെ ഡിസ്ട്രിക്റ്റിലുള്ള കാവെൽ ഗ്രാമത്തിലാണ് ഏറ്റവും വലിയ ആക്രമണമുണ്ടായത്. വീടുകൾക്കും ആശുപത്രികൾക്കും നേരെ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 22 ക്രൈസ്തവർ കൊല്ലപ്പെട്ടു.
ഇതിനു ദിവസങ്ങൾക്ക് മുൻപ്, ജൂൺ 16-ന് കടുന സംസ്ഥാനത്തെ കൗറു ലോക്കൽ ഗവൺമെന്റ് ഏരിയയിലുള്ള ഉങ്വാൻ മഗാജി ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശകമായി നിരന്തരം അക്രമങ്ങൾ നേരിടുന്ന, ക്രൈസ്തവർ ഭൂരിപക്ഷമുള്ള കാർഷിക മേഖലകളാണ് ഇവ രണ്ടും.
കാവെൽ ഗ്രാമത്തിൽ രാത്രിയുണ്ടായ ആക്രമണത്തിൽ 22 മരണം
ജൂൺ 21 ന് രാത്രി 11 മണിയോടെയാണ് കാവെൽ ഗ്രാമത്തിലേക്ക് എകെ-47 തോക്കുകളടക്കമുള്ള മാരകായുധങ്ങളുമായി അക്രമികൾ അതിക്രമിച്ചു കയറിയത്. കൊല്ലപ്പെട്ട 22 പേരിൽ 17 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മുൻപ് ഈ പ്രദേശത്തോ, പരിസരങ്ങളിലോ താമസിച്ചിരുന്നവരും, മുൻപുണ്ടായ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് സ്ഥലം വിട്ടുപോയവരുമായ ചിലരെ അക്രമികളുടെ കൂട്ടത്തിൽ തിരിച്ചറിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ചില പ്രത്യേക വ്യക്തികളുടെ പേരുകൾ വിളിച്ചുപറഞ്ഞാണ് അക്രമികൾ വെടിയുതിർത്തത്.
കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയ ശേഷം, അക്രമികൾ അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെയും അവിടെ ചികിത്സയിലായിരുന്ന അഞ്ചു രോഗികളെയും കൊലപ്പെടുത്തിയത്. പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ ഒരു ഗർഭിണി പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്ന ഭർത്താവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. രക്ഷപ്പെട്ട സ്ത്രീ പിന്നീട് സുരക്ഷിത സ്ഥാനത്തെത്തി കുഞ്ഞിന് ജന്മം നൽകി. തിങ്കളാഴ്ച രാവിലെ മുതൽ ഗ്രാമവാസികൾ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. പരിക്കേറ്റവരുടെ കൃത്യമായ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഭീതിയും നഷ്ടങ്ങളും വിവരിച്ച് അതിജീവിച്ചവർ
അക്രമികൾക്ക് ഈ പ്രദേശത്തെക്കുറിച്ചും തങ്ങൾ ലക്ഷ്യമിട്ട വ്യക്തികളെക്കുറിച്ചും വ്യക്തമായ മുൻധാരണ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു. ആക്രമണ സമയത്ത് ഭയന്നോടിയ ജനങ്ങൾ രാത്രി മുഴുവൻ കാടുകളിലും സമീപപ്രദേശങ്ങളിലും ഒളിച്ചിരുന്ന ശേഷമാണ് പുലർച്ചയോടെ തിരിച്ചെത്തിയത്.
അതേസമയം, ഈ മേഖലയിലെ കർഷകരും കന്നുകാലി വളർത്തലുകാരും തമ്മിൽ ഭൂമിക്കും വിഭവങ്ങൾക്കും വേണ്ടിയുള്ള തർക്കങ്ങളാണ് അക്രമങ്ങൾക്ക് കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ ക്രൈസ്തവ സമൂഹങ്ങളെയാണ് ഈ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് സഭാ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു.
കടുന ഗ്രാമത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടു
കാവെൽ ആക്രമണത്തിന് അഞ്ച് ദിവസം മുൻപ്, ജൂൺ 16-ന് രാത്രിയിലാണ് കടുനയിലെ ഉങ്വാൻ മഗാജി ഗ്രാമം ആക്രമിക്കപ്പെട്ടത്. അക്രമികൾ വീടുകളിൽ കയറി നടത്തിയ വെടിവയ്പ്പിൽ കുട്ടികളടക്കം ഒമ്പതുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു മുതിർന്ന കുടുംബാംഗത്തിന്റെ വിയോഗത്തിൽ ദുഃഖമാചരിക്കാൻ ആളുകൾ ഒത്തുകൂടിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് ഇ.സി.ഡബ്ല്യു.എ (ECWA) ചർച്ചിലെ പാസ്റ്റർ ഇഷായ വൂയ് പറഞ്ഞു.
പരിക്കേറ്റ 11 പേരെ സമീപത്തെ ‘സണ്ണി ക്ലിനിക്കിൽ’ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വിദഗ്ധ ചികിത്സയ്ക്കായി കഫാഞ്ചനിലേക്ക് മാറ്റി. അടിയന്തര ചികിത്സയ്ക്കായി ഈ പ്രദേശത്തുള്ള ഏക ആശ്രയമായ ക്ലിനിക്കിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും എത്തിക്കാൻ സർക്കാർ സഹായിക്കണമെന്ന് ഹെൽത്ത് വർക്കറായ സൺഡേ അബോ ആവശ്യപ്പെട്ടു.
സെന്റ് മോണിക്കാസ് കാത്തലിക് ചർച്ചിലെ കാറ്റക്കിസ്റ്റായ ഇഷായ മൂസയെ അക്രമികൾ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയിരുന്നു. തന്നെ കാട്ടിലേക്ക് കൊണ്ടുപോയി മർദിച്ചതായും ദൈവാലയത്തിന്റെ പണം ആവശ്യപ്പെട്ട് 10 മില്യൺ നൈജീരിയൻ നൈറ (ഏകദേശം $7,320) മോചനദ്രവ്യം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പണമില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് വെട്ടുകളേറ്റ പരിക്കുകളോടെ അദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചു.
തുടരുന്ന അക്രമങ്ങൾ
കടുന-പ്ലേറ്റോ അതിർത്തിയിലുള്ള ഈ പ്രദേശം വർഷങ്ങളായി കടുത്ത അക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. 2016 മുതൽ ആയിരക്കണക്കിന് ആളുകൾ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂൺ 16-നുണ്ടായ ആക്രമണ സമയത്ത് കനത്ത മഴ പെയ്തിരുന്നതിനാൽ വാർത്തകൾ കൈമാറുന്നതിനും അയൽഗ്രാമങ്ങളിൽ നിന്നും സുരക്ഷാസേനകളിൽ നിന്നും കൃത്യസമയത്ത് സഹായം എത്തുന്നതിനും താമസം നേരിട്ടതായി ഗ്രാമവാസികൾ പറഞ്ഞു. ഗ്രാമീണ ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കണമെന്ന് ഇരു സംസ്ഥാനങ്ങളിലെയും കമ്മ്യൂണിറ്റി നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.