നിക്കരാഗ്വയിൽ ജനാധിപത്യം അട്ടിമറിക്കാൻ നീക്കം: “ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല” എന്ന് ഒർട്ടേഗ; ഭയത്തിലാണ് ഭരണകൂടമെന്ന് ക്രൈസ്തവ നേതാവ് ഫെലിക്സ് മരദിയാഗ
മനാഗ്വ: മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ ജനാധിപത്യത്തെ പൂർണമായും നിരോധിച്ച് പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ നടത്തിയ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം. രാജ്യത്ത് ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന എൺപതുകാരനായ ഒർട്ടേഗയുടെ പ്രഖ്യാപനം സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ആടിയുലയുന്ന ഭയത്തെയാണ് തുറന്നുകാട്ടുന്നതെന്ന് മുൻ രാഷ്ട്രീയ തടവുകാരനും കത്തോലിക്കാ രാഷ്ട്രീയ നേതാവുമായ ഫെലിക്സ് മരദിയാഗ വ്യക്തമാക്കി. സാൻഡിനിസ്റ്റ വിപ്ലവത്തിന്റെ 47-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവേയാണ് പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഒർട്ടേഗ ഈ വിവാദ പ്രഖ്യാപനം നടത്തിയത്.
"അവർ അത് മറന്നേക്കുക ഇവിടെ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. പ്രതിപക്ഷത്തിന് അധികാരം പിടിച്ചെടുക്കാൻ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല" എന്നായിരുന്നു ഒർട്ടേഗയുടെ വാക്കുകൾ. കൂടാതെ രാജ്യദ്രോഹികൾക്കും സർക്കാരിനെതിരെ അട്ടിമറി നീക്കം നടത്തുന്നവർക്കുമെതിരെ ശക്തമായ നിയമനിർമ്മാണം നടത്തുമെന്നും ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള നാഷണൽ അസംബ്ലി പുതിയ നിയമങ്ങൾ പാസാക്കുമെന്നും അദേഹം ഭീഷണി മുഴക്കി. 2026 അവസാനത്തോടെ നടക്കേണ്ടിയിരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിവാദപരമായ ഭരണഘടനാ ഭേദഗതിയിലൂടെ 2027-ലേക്ക് നീട്ടിയതിന് പിന്നാലെയാണ് ഒർട്ടേഗയുടെ ഈ പുതിയ നീക്കം.
ഒർട്ടേഗയുടെ ഈ സ്വേച്ഛാധിപത്യ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ‘റൂട്ട ഡെൽ കാംബിയോ’ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഫെലിക്സ് മരദിയാഗ രംഗത്തെത്തി. “ജൂലൈ 19 ലെ ചടങ്ങിൽ ഏകാധിപതി ഡാനിയൽ ഒർട്ടേഗ നടത്തിയ പ്രസ്താവനകൾ അദ്ദേഹത്തിന്റെ കരുത്തിനെയല്ല മറിച്ച് അദേഹത്തിന്റെ ഭയത്തെയാണ് വെളിപ്പെടുത്തുന്നത്. നിക്കരാഗ്വയിൽ ഇനി തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല എന്ന് പറയുന്നതിലൂടെ തന്റെ ഭരണത്തിന് യാതൊരുവിധ ജനാധിപത്യ മത്സരങ്ങളും നേരിടേണ്ടി വരരുത് എന്ന സ്വന്തം ലക്ഷ്യമാണ് പരസ്യമായി സമ്മതിക്കുന്നത്,” മരദിയാഗ തുറന്നടിച്ചു.
2018 ലെ പൗര പ്രക്ഷോഭങ്ങളിൽ നിന്ന് രൂപംകൊണ്ട ഒരു ലിബറൽ ഡെമോക്രാറ്റിക് പ്രസ്ഥാനമാണ് റൂട്ട ഡെൽ കാംബിയോ. ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ ചെറുത്തുതോൽപ്പിച്ച് പ്രതിരോധിക്കുന്ന ഒരു ജനതയുടെ ഹൃദയത്തിൽ നിന്നും സ്വതന്ത്ര നിക്കരാഗ്വയ്ക്കായുള്ള ആഗ്രഹത്തിൽ നിന്നുമാണ് ഈ പ്രസ്ഥാനം പിറവിയെടുത്തതെന്ന് പ്രമുഖ കത്തോലിക്കാ വിശ്വാസി കൂടിയായ മരദിയാഗ ഓർമ്മിപ്പിച്ചു.
നീതിയേയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന വിശ്വാസ സമൂഹത്തിനും ജനാധിപത്യ വാദികൾക്കും മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് നിക്കരാഗ്വയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ. സമാധാനപരമായ സഹവർത്തിത്വവും മനുഷ്യാവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ നിക്കരാഗ്വൻ ജനതയ്ക്കായുള്ള പ്രാർത്ഥനയോടെയാണ് അന്താരാഷ്ട്ര സമൂഹം ഈ സംഭവവികാസങ്ങളെ ഉറ്റുനോക്കുന്നത്