നിക്കരാഗ്വയിലെ കത്തോലിക്കാ സഭ നേരിടുന്ന പീഡനം: നിശ്ശബ്ദത പാലിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തക

 
nigeria

നിക്കരാഗ്വയിൽ കത്തോലിക്കാ സഭ നേരിടുന്ന കടുത്ത പീഡനങ്ങൾക്കെതിരെ ആഗോളതലത്തിൽ നിശ്ശബ്ദത തുടരുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും ‘നിക്കരാഗ്വ ഫ്രീഡം കോയലിഷൻ’ പ്രസിഡന്റുമായ റൊസാലിയ ഗുട്ടറസ്-ഹ്യൂട്ടെ മില്ലർ. മെയ് 29 ന് വാഷിംഗ്ടണിലെ ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ’ (CSIS) നടന്ന മനുഷ്യാവകാശ ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പള്ളികളിൽ ഞായറാഴ്ചകളിൽ വൈദികർ നടത്തുന്ന പ്രസംഗങ്ങൾ പോലും സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമായിരിക്കണമെന്ന് അവർ വെളിപ്പെടുത്തി. നിക്കരാഗ്വയിലെ ജനങ്ങൾ നേരിടുന്ന വ്യവസ്ഥാപിതമായ അടിച്ചമർത്തലുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് യുഎന്നിന്റെ ഹ്യൂമൻ റൈറ്റ്സ് എക്സ്പെർട്ട് ഗ്രൂപ്പ് (GHREN) പുറത്തുവിട്ട പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പാനൽ ചർച്ച നടത്തിയത്.

ഭയത്തിന്റെ നിശ്ശബ്ദത

നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും സഹപ്രസിഡന്റുമായ റൊസാരിയോ മുറിലോയുടെയും ഏകാധിപത്യ ഭരണത്തിന് കീഴിൽ കത്തോലിക്കർക്ക് കടുത്ത ആരാധനാ സ്വാതന്ത്ര്യ ലംഘനമാണ് നേരിടേണ്ടി വരുന്നത്. മറ്റ് ചില ക്രിസ്തീയ വിഭാഗങ്ങൾ പീഡനം ഒഴിവാക്കാനായി സർക്കാരുമായി സഹകരിച്ചു പോകുമ്പോൾ, പ്രതികരിക്കുന്നവർ ഭയത്താൽ നിശ്ശബ്ദരാക്കപ്പെടുകയാണെന്ന് മില്ലർ പറഞ്ഞു. മനഗുവയിലെ ഓക്സിലറി ബിഷപ്പ് മോൺസിഞ്ഞോർ സിൽവിയോ ജോസ് ബേസിനെ ഉദ്ധരിച്ച്, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ അവസ്ഥ ‘നിശ്ശബ്ദത’ മാത്രമാണെന്ന് അവർ കൂട്ടിച്ചേർത്തു.

വൈദികരുടെ പ്രസംഗങ്ങൾ നിരീക്ഷിക്കാനും റെക്കോർഡ് ചെയ്യാനുമായി ഭരണകൂടത്തിന്റെ ചാരന്മാർ പള്ളികളിൽ സജീവമാണ്. നിക്കരാഗ്വൻ ജനതയുടെ വിശ്വാസത്തിന്റെ ശക്തിയെ ഭരണകൂടം ഭയപ്പെടുന്നുണ്ടെന്നും, ജനങ്ങൾ ഒത്തുചേരുന്നതും പ്രതിഷേധിക്കുന്നതും തടയാൻ വിശ്വാസി സമൂഹങ്ങളെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മില്ലർ ആരോപിച്ചു.

വിലക്കുകളെ മറികടക്കുന്ന വിശ്വാസം

സർക്കാർ വിലക്കുകൾ കാരണം രാജ്യത്ത് പരമ്പരാഗതമായി നടക്കാറുള്ള വിശുദ്ധ വാര ഘോഷയാത്രകൾ റദ്ദാക്കേണ്ടി വന്നതിൽ മില്ലർ കടുത്ത ഖേദം പ്രകടിപ്പിച്ചു. എന്നാൽ തെരുവുകളിൽ വിലക്കുണ്ടെങ്കിലും ജനങ്ങൾ പള്ളികൾക്കുള്ളിൽ ഒത്തുകൂടി ഈ ചടങ്ങുകൾ ഭക്തിപൂർവം നടത്തുന്നുണ്ടെന്നും, വിശ്വാസത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന് കഴിയില്ലെന്നും അവർ വ്യക്തമാക്കി.

ഭരണകൂടത്തിനെതിരെ സംസാരിച്ചതിന്റെ പേരിൽ 2026-ൽ മില്ലറുടെ പൗരത്വം നിക്കരാഗ്വ സർക്കാർ റദ്ദാക്കിയിരുന്നു.

Tags

Share this story

From Around the Web