കാണാതായ നിക്കരാഗ്വൻ ബിഷപ്പ് അബെലാർഡോ മാത്തയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് സ്വേച്ഛാധിപത്യ ഭരണകൂടം
ജൂൺ അവസാനത്തോടെ കാണാതായ എസ്റ്റെലി രൂപതയുടെ എമരിറ്റസ് ബിഷപ്പ് അബെലാർഡോ മാത്തയുടെ വീഡിയോ ദൃശ്യങ്ങൾ നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടവുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പുറത്തുവിട്ടു. വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 15-ന് പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 80-കാരനായ ബിഷപ്പ്, സർക്കാരിനെ അനുകൂലിക്കുന്ന മാധ്യമപ്രവർത്തകനും ജനപ്രതിനിധിയുമായ അഡോൾഫോ പാസ്‌ട്രാനുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭാഷണത്തിനിടയിൽ ബിഷപ്പ് വളരെ ആത്മവിശ്വാസത്തോടെയും ആരോഗ്യത്തോടെയും കാണപ്പെടുന്നുണ്ടെന്ന് പാസ്‌ട്രാൻ പറയുമ്പോൾ, പ്രാർത്ഥന വലിയ തോതിൽ സഹായിക്കുന്നുണ്ടെന്നും താൻ സുഖമായിരിക്കുന്നുവെന്നും ബിഷപ്പ് പ്രതികരിക്കുന്നു.
മസായായിലെ ടിസ്മയിലുള്ള തന്റെ ഫാമിൽ ചെടികളും കൃഷിയും നോക്കിനടത്തുന്നതിനെക്കുറിച്ചും പുസ്തകവായനയെക്കുറിച്ചുമുള്ള വ്യക്തിപരമായ കാര്യങ്ങളാണ് ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഇരുവരും സംസാരിക്കുന്നത്. എസ്റ്റെലിയിലെ ക്ലിനിക്കിൽ നിന്ന് ഇറങ്ങിയ ശേഷം ജൂൺ അവസാനത്തോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും ജൂലൈ നാലു മുതൽ ഈ ഫാമിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നുമാണ് സർക്കാർ വാദം.
“നിശ്ശബ്ദതയും പഠനവും പ്രാർത്ഥനയുമാണ് താൻ ആഗ്രഹിക്കുന്നത്. സ്വന്തം ചെറിയ ലോകത്ത് ഒരു സന്യാസ ജീവിതമാണ് താൻ നയിക്കുന്നത്. പ്രാർത്ഥനയും ചിന്താപരമായ ജോലികളുമാണ് ഇപ്പോൾ ചെയ്യുന്നത്,” ബിഷപ്പ് കൂട്ടിച്ചേർത്തു. 1970-നും 2005-നും ഇടയിൽ മനാഗ്വയുടെ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ മിഗ്വേൽ ഒബാണ്ടോ വൈ ബ്രാവോയുമായുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
ബിഷപ്പ് മാത്തയെ അറസ്റ്റ് ചെയ്തപ്പോൾ, “അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ ഉറവിടത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും ആവശ്യമായ അന്വേഷണം നടത്തുകയാണെന്നും അന്വേഷണത്തിന് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെന്നും സുഖമായിരിക്കുന്നുവെന്നും” ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടം പത്രക്കുറിപ്പിറക്കിയിരുന്നു.
എന്നാൽ, ബിഷപ്പ് മാത്ത എപ്പോഴും നിക്കരാഗ്വൻ ജനതയുടെ ദുരിതങ്ങളിൽ ഒപ്പം നിൽക്കുകയും സർക്കാരിന്റെ തെറ്റുകളെ വിമർശിക്കുകയും ചെയ്ത വ്യക്തിയാണെന്ന് ഫാ. റോമാൻ ഓർമ്മിപ്പിച്ചു. നിക്കരാഗ്വയിൽ സഭ നേരിടുന്ന വേട്ടയാടലിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ഈ വീട്ടുതടങ്കൽ. ബിഷപ്പിന് പുറത്തുപോകാൻ സ്വാതന്ത്ര്യമില്ലാത്ത വിധം പോലീസ് കാവൽ നിലനിൽക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാണ് ഇത്തരം ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.