പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടാന്‍ എന്‍എച്ച്എഐ അനുമതി; കാറുകള്‍ക്ക് 10% നിരക്ക് കൂടും
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കരാര്‍ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി. പക്ഷെ, നടപ്പാക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം. പുതിയ നിരക്ക് അതിനുശേഷമായിരിക്കും നടപ്പാക്കുക. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിയാതെ ടോള്‍ നിരക്ക് കൂട്ടാന്‍ പാടില്ലെന്ന് 2025 ഓഗസ്റ്റില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു
പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞിരുന്നു. പിന്നീട് ടോള്‍ പിരിവ് പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വര്‍ധന തടയുകയും ചെയ്തു.
നാല്‍ 2024ലെ ടോള്‍ നിരക്കാണ് പാലിയേക്കരയില്‍ ഇപ്പോഴും പിരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ടോള്‍ നിരക്കിന് ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചാല്‍ കാറുകള്‍ക്ക് നിലവിലെ നിരക്കിനേക്കാള്‍ 10 ശതമാനത്തിലേറെ കൂടുതല്‍ തുക നല്‍കേണ്ടിവരും.
ഒരു ഭാഗത്തേക്ക് കാറുകള്‍ക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് 160 രൂപയായിരുന്നത് 170 രൂപയാകും.
ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 240 രൂപയായിരുന്നത് 255 ആയി. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 320 രൂപയുണ്ടായിരുന്നത് 345ഉം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 485 ആയിരുന്നത് 515രൂപയുമായി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു യാത്രക്കുണ്ടായിരുന്ന 515 രൂപയെന്ന് 550ഉം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 775 രൂപയെന്നത് 825 രൂപയുമായി.
സെപ്റ്റംബര്‍ ഒന്നു മുതലുള്ള പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലും ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കൂവെന്നും സൂചിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ടോള്‍ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.