വെനസ്വേലയ്ക്ക് കാരുണ്യഹസ്തവുമായി നെയ്മർ; ദുരിതാശ്വാസത്തിനായി രണ്ട് കോടിയിലധികം രൂപ നൽകി
കളിക്കളത്തിലെ മാന്ത്രികച്ചുവടുകൾ കൊണ്ട് മാത്രമല്ല വലിയ മനസ്സ് കൊണ്ടും താൻ ലോകത്തിലെ കോടിക്കണക്കിന് ആരാധകരുടെ സുൽത്താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ.
കഴിഞ്ഞ ദിവസം വെനസ്വേലയെ പിടിച്ചുകുലുക്കിയ വിനാശകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 2,50,000 യു.എസ് ഡോളർ ഏകദേശം 2 കോടിയിലധികം ഇന്ത്യൻ രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സൂപ്പർ താരം.
വെനസ്വേലൻ വാർത്താ മാധ്യമമായ ‘എൽ സുമാരിയോ’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ദുരന്തബാധിതർക്ക് അടിയന്തരമായി ഭക്ഷണവും കുടിവെള്ളവും മരുന്നുകളും താൽക്കാലിക അഭയകേന്ദ്രങ്ങളും ഒരുക്കുന്നതിനായി ഈ തുക വിനിയോഗിക്കും.
’എന്റെ ഹൃദയം വെനസ്വേലയിലെ ജനങ്ങൾക്കൊപ്പമാണ്. ഈ ചെറിയ സംഭാവന ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കരുത്തും ആശ്വാസവും പകരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ നെയ്മർ പറഞ്ഞു.
7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളിൽ 1700- ലധികം ജീവനുകളാണ് വെനസ്വേലയിൽ പൊലിഞ്ഞത്. മൂവായിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. ഈ കറുത്ത ദിനങ്ങളിൽ വെനസ്വേലയ്ക്ക് പ്രത്യാശയുടെ വെളിച്ചമാവുകയാണ് നെയ്മറിന്റെ ഈ കാരുണ്യഹസ്തം.