സഭയിൽ പുതിയതായി വാഴ്ത്തപ്പെട്ടവരും, ധന്യരും

 
Decastory

പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ, വിശുദ്ധരുടെ നാമകരണ കർമ്മങ്ങൾക്കായുള്ള ഡിക്കസ്റ്ററി, ലെബനീസ് മരോനൈറ്റ് പാത്രിയാർക്കീസ് ​​ഏലിയാസ് ഹോയെക്കിനെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ 80 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. മെയ് മാസം ഇരുപത്തിരണ്ടാം തീയതിയാണ് പാപ്പാ, ഈ അഭ്യർത്ഥനകൾക്ക്, അംഗീകാരം നൽകിയത്. ഇതുകൂടാതെ സഭയിൽ, നാല് പേരെ ധന്യൻ പദവിയിലേക്കും ഉയർത്തി.

1930-കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടൊപ്പമുണ്ടായ കത്തോലിക്കാ വിരുദ്ധ പീഡനത്തിനിടെയാണ് സാന്റാൻഡറിൽ 80 പേർ രക്തസാക്ഷിത്വം വരിച്ചത്. അവരിൽ 67 വൈദികരും, മൂന്ന് കർമ്മലീത്ത സന്യാസിമാരും, മൂന്ന് സെമിനാരി വിദ്യാർത്ഥികളും, ഏഴ് അത്മായരും ഉൾപ്പെടുന്നു. കൈകളും കാലുകളും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടി കടലിലേക്ക് വലിച്ചെറിയുക, തടങ്കൽപ്പാളയങ്ങളിൽ വച്ച് വധിക്കുക, ചുട്ടുകൊല്ലുക എന്നിങ്ങനെയുള്ള ക്രൂരമായ  നടപടികളാണ് രക്തസാക്ഷിത്വത്തിലേക്ക് ഇവരെ നയിച്ചത്. കുർബാന അർപ്പിക്കുന്നതിനോ കൂദാശകൾ നൽകുന്നതിനോ എതിരായ ഭീഷണികളും വിലക്കുകളും ഉണ്ടായിരുന്നിട്ടും തന്റെ ജനത്തെ ഉപേക്ഷിക്കുവാൻ തയ്യാറാകാതിരുന്ന, ഫാ. ഫ്രാൻസിസ്കോ ഗോൺസാലസ് ഡി കോർഡോവയും രക്തസാക്ഷികളിൽ ഉൾപ്പെടുന്നു.  മരിക്കുമ്പോൾ അദ്ദേഹത്തിന് 48 വയസ്സായിരുന്നു.

വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ലെബനീസ് മരോനൈറ്റ് പാത്രിയാർക്കീസ് ​​ഏലിയാസ് ഹോയെക്ക്, 1843 ഡിസംബർ 4 ന് ലെബനനിലെ ഹെൽറ്റയിൽ ജനിച്ചു. 16-ാം വയസ്സിൽ സെമിനാരിയിൽ ചേരുകയും പിന്നീട് ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോകുകയും അവിടെ 1870-ൽ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു.  ലെബനനിലേക്ക് മടങ്ങിയ അദ്ദേഹം മദർ റോസാലി നാസറുമായി ചേർന്ന് മറോണൈറ്റ് സഭയിലെ ആദ്യത്തെ വനിതാ സമർപ്പിത സമൂഹമായ, മറോണൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി എന്ന സഭ സ്ഥാപിച്ചു. 1899-ൽ അന്ത്യോക്യയിലെ മരോനൈറ്റ് പാത്രിയർക്കീസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം ലോകമഹായുദ്ധസമയത്ത്, മതം നോക്കാതെ വിശക്കുന്നവർക്കും കുടിയിറക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം ആശ്രമങ്ങളും കോൺവെന്റുകളും തുറന്നുകൊടുത്തു. ഓട്ടോമൻ അധികാരികൾ അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചുവെങ്കിലും പാപ്പായുടെയും, നയതന്ത്ര പ്രതിനിധികളുടെയും ഇടപെടൽ അത് തടഞ്ഞു. 1920-ൽ ലെബനൻ സംസ്ഥാനം സ്ഥാപിക്കുന്നതിലേക്ക് നയിച്ച ചർച്ചകളിലും ഹോയെക് ഒരു പ്രധാന പങ്ക് വഹിച്ചു. 1931-ൽ ബ്കെർക്കിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ലെബനൻ 'സ്ഥാപക പിതാവ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

മരിയൻ ഭക്തിക്കും ജപമാല പ്രാർത്ഥനയ്ക്കും പേരുകേട്ട കാമറൂണിലെ നിഷ്പാദുക കർമ്മലീത്ത സഭാംഗമായ, ഷാൻ തിയേറിയെയാണ് ധന്യൻ പദവിയിലേക്ക് പാപ്പാ ഉയർത്തിയത്. കാൻസർ രോഗം ബാധിച്ച അദ്ദേഹം, തനിക് ഇനി രോഗശാന്തി സാധ്യതയില്ലെന്ന് മനസ്സിലാക്കിയപ്പോൾ, ദൈവവിളികൾക്കു വേണ്ടി തന്റെ വേദനകൾ സമർപ്പിച്ചു പ്രാർത്ഥിച്ചു.

1912-ൽ ബാസ്‌ക് രാജ്യത്ത് ജനിച്ച മദർ മരിയ അന ആൽബെർഡിയെയും ധന്യൻ പദവിയിലേക്ക് ഉയർത്തി. "സ്നേഹത്തിലൂടെ വിശുദ്ധയാകാൻ" തന്റെ ജീവിതം പൂർണ്ണമായി സമർപ്പിച്ച വ്യക്തിയാണ് മദർ മരിയ അന.

ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ട, സലേഷ്യൻ വൈദികനായ, ഫാ. കോസ്തന്തീനോ വെൻദ്രാം തൻറെ ജീവിതം മുഴുവൻ ഇന്ത്യയിലെ ജനതയ്ക്കുവേണ്ടിയാണ് സമർപ്പിച്ചത്. 1893-ൽ ഇറ്റലിയിലെ ത്രെവിസോ പ്രവിശ്യയിൽ ജനിച്ച അദ്ദേഹം സലേഷ്യൻ സഭയിൽ ചേരുകയും 1924-ൽ മിലാനിൽ വെച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലേക്ക് പോയ അദ്ദേഹം, ആദ്യം അസമിലും പിന്നീട് തമിഴ്‌നാട്ടിലും പ്രേഷിതസേവനമനുഷ്ഠിച്ചു. കാൽനടയായി ദീർഘദൂരം സഞ്ചരിക്കുന്നതിനും , അങ്ങേയറ്റത്തെ ലാളിത്യത്തിൽ ജീവിക്കുന്നതിനും പേരുകേട്ട അദ്ദേഹം ദരിദ്രർക്കിടയിൽ പ്രിയപ്പെട്ട മിഷനറിയായി മാറി. 1957 ജനുവരി 30 ന്, ഇന്ത്യയിലെ ദിബ്രുഗഡിൽ വച്ച് അദ്ദേഹം മരിച്ചു.

'മധുരപലഹാരങ്ങൾ കൊണ്ടുള്ള വിശുദ്ധൻ' എന്ന് അറിയപ്പെടുന്ന നാസറെനോ പുല എന്ന ഇറ്റാലിയൻ വംശജനാണ് മറ്റൊരു ധന്യൻ. ഓറഞ്ച്, നാരങ്ങ തുടങ്ങിയവ കൊണ്ടുള്ള മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ആളുകൾ അവ കഴിക്കുമ്പോൾ ഒരു നന്മ നിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാർത്ഥന കൂടി ചൊല്ലുവാൻ പ്രോത്സാഹിപ്പിക്കുന്ന ശീലം കാരണം "മധുരപലഹാരങ്ങളുള്ള വിശുദ്ധൻ" എന്ന വിളിപ്പേര് അദ്ദേഹം നേടി.  പ്രാർത്ഥനയുടെയും ലാളിത്യത്തിന്റെയും ആത്മാവിൽ ജീവിച്ച അദ്ദേഹം, 992-ൽ കാൻസർ ബാധിച്ച് മരിച്ചു.

Tags

Share this story

From Around the Web