അലര്‍ജി ചികിത്സക്കെത്തിയ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. ഇടുക്കി ഭൂമിയാങ്കളം സ്വദേശി സോബിന്‍ സണ്ണിയാണ് തന്റെ കുഞ്ഞിന് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും കാലാവധി കഴിഞ്ഞ ഓയില്‍മെന്റ് ലഭിച്ചതായി കാണിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.
ഓ
കഴിഞ്ഞ 26-ാം തീയതിയാണ് തൊലിപ്പുറത്തെ അലര്‍ജിയെ തുടര്‍ന്ന് സോബിന്‍ തന്റെ കുഞ്ഞുമായി ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് ഫാര്‍മസിയില്‍ നിന്ന് മരുന്നും വാങ്ങി വീട്ടിലെത്തി പുരട്ടാന്‍ നോക്കുമ്പോഴാണ് മരുന്ന് കാലാവധി കഴിഞ്ഞതാണെന്ന് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്.
എന്നാല്‍, ഈ മരുന്ന് ഫാര്‍മസിയില്‍ സ്റ്റോക്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക പ്രതികരണം. എന്നാല്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. തങ്ങള്‍ ആശുപത്രി ഫാര്‍മസിയില്‍ നിന്ന് തന്നെയാണ് മരുന്ന് വാങ്ങിയതെന്ന് കുടുംബം ആവര്‍ത്തിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇടുക്കി മെഡിക്കല്‍ കോളേജില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഗുരുതര അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.