വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവം; ഒന്‍പത് മാസത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു

 
Baby

ചാവക്കാട്: എടക്കഴിയൂരില്‍ വീട്ടില്‍ പ്രസവിച്ചതിനെത്തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍, ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി. എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 12) രാവിലെ പത്തരയോടെയാണ് സബ് കളക്ടര്‍ എഹ്‌തെദ മുഫസിറിന്റെ മേല്‍നോട്ടത്തില്‍ പരിശോധന നടന്നത്.

പൊലീസ് സര്‍ജന്‍ ഡോ. ടി.എസ്. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സയന്റിഫിക് സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. എടക്കഴിയൂര്‍ ഹൈസ്‌കൂളിനു സമീപം കല്ലുവളപ്പില്‍ ഇബ്രാഹിമിന്റെയും പരേതയായ മുഹ്‌സിനയുടെയും നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹാവശിഷ്ടമാണ് പുറത്തെടുത്തത്. തുടര്‍ന്ന് ശേഖരിച്ച സാംപിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയ്ക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ അതേ സ്ഥാനത്ത് വീണ്ടും സംസ്‌കരിച്ചു.


കഴിഞ്ഞ ജനുവരി പത്തിനാണ് കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികളൊന്നുമില്ലാതെയാണ് മൃതദേഹം ഖബറടക്കിയത്. തുടര്‍ന്ന് മതിയായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് പുതുപൊന്നാനി സ്വദേശിയായ പാലയ്ക്കല്‍ ഹംസത്ത് മുഹമ്മദ് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്.

കുഞ്ഞിന്റെ മരണത്തില്‍ പരാതി നിലനില്‍ക്കെ മാര്‍ച്ച് 19-നാണ് മാതാവ് മുഹ്‌സിനയും (37) മരണപ്പെട്ടത്. മുഹ്‌സിനയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കുഞ്ഞിന്റെ പിതാവുമായ ഇബ്രാഹിമിനെ (43) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സയന്റിഫിക് ഓഫീസര്‍ ലക്ഷ്മി കെ. രാധാകൃഷ്ണന്‍, വിരലടയാള വിദഗ്ധരായ കെ.പി. ബാലകൃഷ്ണന്‍, കെ. മുഹമ്മദ് മുഹ്‌സിന്‍, ചാവക്കാട് തഹസില്‍ദാര്‍ കെ.ടി. ബാബു, പൊലീസ് എസ്.എച്ച്.ഒ. പ്രീതാ ബാബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Tags

Share this story

From Around the Web