ഇറാനിൽ നവജാതശിശു വിൽപ്പനയെന്ന് റിപ്പോർട്ട്; പത്ത് വർഷത്തിനിടെ നടന്ന ദത്തെടുക്കലുകളിൽ മൂന്നിലൊന്നും നിയമവിരുദ്ധം

 
iran

ഇറാനിൽ ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് നടക്കുന്ന നിയമവിരുദ്ധ ദത്തെടുക്കലുകളും നവജാതശിശു വിൽപ്പനയും ഭയപ്പെടുത്തുന്ന രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇറാനിൽ രജിസ്റ്റർ ചെയ്ത ദത്തെടുക്കലുകളിൽ മൂന്നിലൊന്നും (ഏകദേശം 29%) നിയമവിരുദ്ധ പാതയിലൂടെയാണെന്ന് ഇറാന്റെ ഔദ്യോഗിക ക്ഷേമ സംഘടനയായ ‘ബെഹ്സിസ്തി’ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുന്ന കുട്ടികൾ പീഡനങ്ങൾക്കും, അടിമയാക്കപ്പെടലിനും, തെരുവിൽ ഉപേക്ഷിക്കപ്പെടലിനും ഇരയാകാൻ വലിയ സാധ്യതയുണ്ടെന്ന് ചൈൽഡ് റൈറ്റ്സ് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 2013 മുതൽ 2024 വരെയുള്ള കാലയളവിൽ ആകെ 18,240 ദത്തെടുക്കൽ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 13,020 (71%) കേസുകൾ മാത്രമാണ് നിയമവിധേയമായി നടന്നത്. എന്നാൽ 5,224 (29%) ദത്തെടുക്കലുകളും സർക്കാർ സംവിധാനങ്ങളെ പൂർണ്ണമായി ഒളിപ്പിച്ചു വച്ചുകൊണ്ട് ഇടനിലക്കാർ വഴിയും വ്യാജ രേഖകൾ വഴിയും നടത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു അമ്മ തന്റെ പ്രസവത്തിൽ ഉണ്ടായ നിരവധി കുഞ്ഞുങ്ങളെ പല വർഷങ്ങളിലായി തുച്ഛമായ പണത്തിന് വിറ്റ വാർത്ത ഇറാനിയൻ മാധ്യമങ്ങളിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ ഇത്തരം വിൽപ്പനകൾ പൂർണ്ണമായും രഹസ്യമായി നടക്കുന്നതിനാൽ ഇതിന്റെ യഥാർഥ കണക്കുകൾ ലഭ്യമല്ലെന്ന് ‘പൂയ ഹെൽപ്പേഴ്സ് ഓഫ് ചൈൽഡ് വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്’ ഡയറക്ടർ പരീസ വാലന്റീന പൗയൻ വ്യക്തമാക്കുന്നു. ദാരിദ്ര്യം ഇതിനൊരു പ്രധാന കാരണമാണെങ്കിലും ലഹരിമരുന്ന് ഉപയോഗം, ലൈംഗികത്തൊഴിൽ, സാമൂഹികമായ സമ്മർദങ്ങൾ, കൃത്യമായ നിയമപരിപാലനത്തിന്റെ കുറവ് എന്നിവയാണ് ഈ അധോലോക വിപണിയെ സജീവമാക്കുന്നത്.

കുട്ടികളില്ലാത്ത ദമ്പതികൾ മാത്രമല്ല ഇത്തരത്തിൽ കുട്ടികളെ വാങ്ങുന്നത് എന്നതാണ് ഈ മാഫിയയ്ക്ക് പിന്നിലെ ഏറ്റവും ഇരുണ്ട വശം. കടുത്ത ചൂഷണങ്ങൾക്കും വീട്ടുജോലികൾക്കുമായി കുട്ടികളെ വാങ്ങുന്ന സംഘങ്ങളും സജീവമാണ്. നിയമവിരുദ്ധമായി ദത്തെടുക്കപ്പെട്ട ഒരു കുട്ടി, ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുടുംബത്തിലെ വെറുമൊരു വീട്ടുവേലക്കാരനായി മാറിയ സംഭവം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പൗയൻ സാക്ഷ്യപ്പെടുത്തുന്നു.

Tags

Share this story

From Around the Web