120 വര്‍ഷത്തിനിടെ ന്യൂസിലന്‍ഡില്‍ ആദ്യ കത്തോലിക്ക കത്തീഡ്രല്‍; രൂപകല്‍പ്പന പുറത്തിറക്കി
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ കഴിഞ്ഞ 120 വര്‍ഷത്തിനിടെ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ കത്തോലിക്കാ കത്തീഡ്രലാകാന്‍ ഒരുങ്ങുന്ന 'ബ്ലെസ്ഡ് സാക്രമെന്റ് കത്തീഡ്രലി'ന്റെ രൂപകല്‍പ്പന ക്രൈസ്റ്റ്ചര്‍ച്ച് രൂപത പുറത്തിറക്കി.
80 ദശലക്ഷം ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 46 ദശലക്ഷം യുഎസ് ഡോളര്‍) ചെലവ് വരുന്ന പദ്ധതിക്കായി ധനസമാഹരണം നടത്തുന്നതിനുള്ള പ്രചാരണ പരിപാടിക്കും രൂപത തുടക്കം കുറിച്ചു.
800 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ ഒരുക്കുന്ന കത്തീഡ്രല്‍ ക്രൈസ്റ്റ്ചര്‍ച്ച് നഗരമധ്യത്തിലെ ബാര്‍ബഡോസ് തെരുവിലാണ് നിര്‍മ്മിക്കുന്നത്.
2010-ലും 2011-ലും കാന്റര്‍ബറി മേഖലയിലുണ്ടായ ഭൂകമ്പങ്ങളില്‍ പരിഹരിക്കാനാകാത്തവിധം കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴയ കത്തീഡ്രല്‍ പൊളിച്ചുനീക്കിയിരിന്നു.
1905-ല്‍ നിര്‍മ്മിച്ച പഴയ കത്തീഡ്രല്‍ സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്താണ് പുതിയ കത്തീഡ്രല്‍ ദേവാലയം ഉയരുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 26 ഞായറാഴ്ച രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന വിശുദ്ധ കുര്‍ബാനമധ്യേ വായിച്ച ഇടയലേഖനത്തിലൂടെ ബിഷപ്പ് മൈക്കല്‍ ഗീലന്‍ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള യഥാര്‍ത്ഥ കത്തീഡ്രല്‍ പണികഴിപ്പിച്ച ബിഷപ്പ് ജോണ്‍ ഗ്രൈംസ് ഏറ്റെടുത്ത ദൗത്യത്തിന്റെ ഉത്തരവാദിത്വം ഇന്നത്തെ കത്തോലിക്കാ വിശ്വാസികളും വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഇടയലേഖനത്തില്‍ കുറിച്ചു.
രൂപതയുടെ പരമ്പരാഗത ആസ്ഥാനമായ ബാര്‍ബഡോസ് സ്ട്രീറ്റിലേക്ക് കത്തീഡ്രല്‍ തിരികെ കൊണ്ടുവരുവാന്‍ വാറന്‍ ആന്‍ഡ് മഹോണി എന്ന ആര്‍ക്കിടെക്റ്റ് സ്ഥാപനവുമായി ചേര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് തയ്യാറാക്കിയ രൂപകല്‍പ്പനയുടെ ചിത്രങ്ങളും രൂപത നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്.
നിത്യ ആരാധനാ ചാപ്പല്‍, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും കത്തീഡ്രലിനോടൊപ്പം നിര്‍മ്മിക്കുന്നുണ്ട്. 2023-ലെ കണക്കുകള്‍ പ്രകാരം അഞ്ചു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്.