അശരണരായ അർബുദ രോഗികളെ പരിചരിക്കുന്ന കന്യാസ്ത്രീ സമൂഹത്തെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ന്യൂയോർക്ക് സർക്കാർ

 
Nuns
അശരണരായ അർബുദ രോഗികളെ പരിചരിക്കുന്ന കന്യാസ്ത്രീ സമൂഹത്തെ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ന്യൂയോർക്ക് സർക്കാർ. കഴിഞ്ഞ 125 വർഷമായി സൗജന്യമായി രോഗികളെ ശുശ്രൂഷിക്കുന്ന 'ഹോത്തോൺ ഡൊമിനിക്കൻ' സന്യാസിനികൾക്ക് നേരെയാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം സർക്കാരിന്റെ പുതിയ 'ലിംഗനയങ്ങൾ' (Gender Ideology) തങ്ങളുടെ മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സന്യാസിനികൾ കോടതിയെ സമീപിച്ചു. സർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം ചില നിബന്ധനകൾ പാലിക്കാൻ സന്യാസിനികൾ നിർബന്ധിതരാകുന്നു. പുരുഷന്മാരായി ജനിച്ച് പിന്നീട് സ്ത്രീകളായി മാറിയവർക്ക് (ട്രാൻസ്‌ജെൻഡർ) സ്ത്രീകളുടെ മുറികളിൽ തന്നെ താമസം നൽകണം. കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുന്ന ക്ലാസുകളിൽ സിസ്റ്റേഴ്‌സും ജീവനക്കാരും പങ്കെടുക്കണം എന്നിവയാണ് . ഈ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ കന്യാസ്ത്രീകൾ നേരിടേണ്ടി വരുന്നത് കടുത്ത ശിക്ഷാ നിയമങ്ങളാണ്. സന്യാസിനികളെ ജയിലിലടയ്ക്കാൻ വരെ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ ഓരോ ദിവസവും നിയമം ലംഘിക്കുമ്പോൾ ഭീമമായ തുക പിഴയായി നൽകണം. പാവപ്പെട്ടവരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഇത് താങ്ങാനാവില്ല എന്ന് അധികൃതർ വ്യക്തമാക്കുന്നു. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പതിറ്റാണ്ടുകളായി നടന്നുവരുന്ന 'റോസറി ഹിൽ ഹോം' എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി പ്രവർത്തനം നിർത്തിവെപ്പിക്കാനും ഉത്തരവുണ്ട്.ജാതിയോ മതമോ നോക്കാതെയാണ് തങ്ങൾ രോഗികളെ ശുശ്രൂഷിക്കുന്നതെന്നും, എന്നാൽ സ്വന്തം വിശ്വാസം ബലികൊടുത്ത് നിയമങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും മദർ മേരി എഡ്‌വേർഡ് വ്യക്തമാക്കി. മറ്റ് ചില മതവിഭാഗങ്ങൾക്ക് ഇത്തരം നിയമങ്ങളിൽ ഇളവ് നൽകിയ സർക്കാർ, തങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നത് വിവേചനമാണെന്ന് ഇവർ ആരോപിക്കുന്നു. വിശ്വാസം സംരക്ഷിക്കാനും സേവനം തുടരാനും അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സന്യാസിനികൾ ഫെഡറൽ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ ഈ സംഭവം ഇപ്പോൾ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Tags

Share this story

From Around the Web