പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനം; കോഴിക്കോട്- റിയാദ് നേരിട്ടുള്ള വിമാന സര്‍വീസുമായി 'സൗദിയ'
കോഴിക്കോട്: മലബാറിലെ പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ. 2026 ഫെബ്രുവരി 1 മുതല്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോടിനും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ ഓടിത്തുടങ്ങും.
ഇതോടെ ബെംഗളൂരു, മുംബൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഖ്നൗ എന്നീ നഗരങ്ങള്‍ക്ക് പിന്നാലെ സൗദിയ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ഏഴാമത്തെ നഗരമായി കോഴിക്കോട് മാറി.
ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ എട്ട് സര്‍വീസുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പുതിയ റൂട്ട് മലബാറിലെ വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും വലിയ അനുഗ്രഹമാകും. പ്രത്യേകിച്ച് ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്ക് ഇത് യാത്ര സുഗമമാക്കും.
സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ കോഴിക്കോട് വിമാനത്താവള അധികൃതരുമായി ചേര്‍ന്ന് സൗദിയ പൂര്‍ത്തിയാക്കി വരികയാണ്.
സൗദി അറേബ്യയുടെ ടൂറിസം, വ്യോമയാന മേഖലകളിലെ വന്‍ വികസനത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം നടക്കുന്നത്.
നിലവില്‍ നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിനം 550-ലധികം ആഭ്യന്തര-അന്തര്‍ദ്ദേശീയ വിമാനങ്ങള്‍ പറത്തുന്ന കമ്പനി, തങ്ങളുടെ ആധുനിക വിമാനങ്ങള്‍ ഉപയോഗിച്ച് ആഗോളതലത്തില്‍ യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.