പുതുവത്സര ആഘോഷം. കൊച്ചിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ്
കൊച്ചി: പുതുവത്സരം ആഘോഷിക്കാന്‍ കേരളക്കര തയ്യാറെടുക്കുമ്പോള്‍ അപകടങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ കൊച്ചിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് സിറ്റി പൊലീസ്.
ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ വീഴ്ച്ചയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ഫോര്‍ട്ടു കൊച്ചിയില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ കര്‍ശന പരിശോധനകളുമുണ്ടാകും. വിദേശികളുള്‍പ്പെടെ നിരവധിയാളുകള്‍ എത്തുന്ന സാഹചര്യത്തില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഉണ്ടാക്കുകയും ചെയ്യും.
ആംബുലന്‍സ് ഫയര്‍ഫോഴ്‌സ് സേവനങ്ങള്‍ ഒരുക്കുകയും ചെയ്യും. അട്ടിമറി സാധ്യതകള്‍ ഒഴിവാക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുമെന്നും ഡോഗ് സ്‌ക്വാഡിന്റെ ഉള്‍പ്പടെ പരിശോധനയുണ്ടാകുമെന്നുമാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
കേരളത്തിന് അകത്തും പുറത്തുമുള്ള ആളുകള്‍ ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്താറുണ്ട്. എല്ലാവരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ മുന്‍കരുതലുകള്‍.