കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ ടെര്‍മിനലുകള്‍. 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

​​​​​​​

 
WATER METRO

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ ടെര്‍മിനലുകള്‍ വരുന്നു. വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകള്‍ 11 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മട്ടാഞ്ചേരി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷനായിരിക്കും. 

കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എം.എല്‍.എ മാരായ കെ.ജെ മാക്സി, ടി.ജെ വിനോദ്, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ റ്റി പത്മകുമാരി, കെ.എ ആന്‍സിയ തുടങ്ങിയവര്‍ സംസാരിക്കും. 


38 കോടി രൂപ ചിലവിലാണ് രണ്ട് ടെര്‍മിനലുകളും പണികഴിപ്പിച്ചത്. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി. 


8000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെര്‍മിനല്‍ പൈതൃകമുറങ്ങുന്ന ഡെച്ച് പാലസിന് തൊട്ടടുത്താണ്. പഴയ ഫെറി ടെര്‍മിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനല്‍.


പൈതൃക സമ്പത്ത് സംരക്ഷണഭാഗമായി രണ്ട് ടെര്‍മിനലുകളും പൂര്‍ണമായും വെള്ളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിര്‍ത്തിയിരിക്കുന്നു.


മട്ടാഞ്ചേരിയിലെയും വില്ലിംഗഡണ്‍ ഐലന്റിന്റെയും ചരിത്ര പൈതൃകത്തിന് ചേര്‍ന്ന നിര്‍മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. രണ്ട് പ്രദേശത്തെയും വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിനും വാട്ടര്‍മെട്രോയുടെ വരവ് ഊര്‍ജം പകരും.

Tags

Share this story

From Around the Web