ഫ്രാൻസിൽ പുതിയ റെക്കോർഡ്: ഈസ്റ്ററിൽ 20,000-ത്തിലധികം മുതിർന്നവരും കൗമാരക്കാരും മാമ്മോദീസ സ്വീകരിച്ചു
ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ വലിയ ആത്മീയ മുന്നേറ്റം ദൃശ്യമാകുന്നതായി റിപ്പോർട്ടുകൾ. 2026-ലെ ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ഇരുപതിനായിരത്തിലധികം മുതിർന്നവരും കൗമാരക്കാരുമാണ് ജ്ഞാനസ്നാനം സ്വീകരിച്ച് സഭയുടെ ഭാഗമായത്.
ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ജ്ഞാനസ്നാനം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സഭയിലേക്ക് എത്തുന്നവരിൽ ഭൂരിഭാഗവും 18-നും 25-നും ഇടയിൽ പ്രായമുള്ളവരാണെന്നത് ശ്രദ്ധേയമാണ്. ആധുനിക കാലത്തെ പ്രതിസന്ധികൾക്കിടയിൽ ആത്മീയമായ അർഥം തേടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി സഭാനേതൃത്വം വിലയിരുത്തുന്നു. ഈ വർഷം ഏകദേശം 12,000 മുതിർന്നവരും 8,000-ത്തിലധികം കൗമാരക്കാരുമാണ് വിശുദ്ധ വാരത്തിൽ മാമോദീസ സ്വീകരിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യത്തെ വിവിധ രൂപതകളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിൽ ബിഷപ്പുമാരും വൈദികരും നേതൃത്വം നൽകി. ജ്ഞാനസ്നാനം സ്വീകരിച്ചവർക്കായി വരും മാസങ്ങളിൽ പ്രത്യേക പ്രാർഥനാ കൂട്ടായ്മകളും പഠനക്ലാസുകളും സംഘടിപ്പിക്കുമെന്നും സഭാ വൃത്തങ്ങൾ അറിയിച്ചു.