പ്രകൃതിസംരക്ഷണത്തിന് ആദരവ്: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരിൽ പുതിയ നിശാശലഭ വർഗം

 
Pyralis

പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെയുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ശക്തമായ നിലപാടുകൾക്ക് ആദരസൂചകമായി പുതിയൊരു നിശാശലഭ വർഗത്തിന് പാപ്പയുടെ പേര് നൽകി. മെഡിറ്ററേനിയൻ ദ്വീപായ ക്രീറ്റിൽ നിന്നും കണ്ടെത്തിയ ഈ പുതിയ വർഗത്തിന് ‘പൈറാലിസ് പാപ്പാലിയോണി’ (Pyralis papaleonei) എന്നാണ് ശാസ്ത്രീയമായി പേരിട്ടിരിക്കുന്നത്. പീറ്റർ ഹ്യൂമർ, ലൗറി കൈല, ആൻഡ്രിയാസ് എച്ച്. സെഗെറർ എന്നീ പ്രമുഖ ഗവേഷകർ ‘നോട്ട ലെപിഡോപ്റ്ററോളജിക്ക’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഏകദേശം രണ്ട് സെന്റിമീറ്റർ ചിറകളവുള്ള ഈ നിശാശലഭത്തിന് സ്വർണ്ണനിറത്തിലുള്ള പാടുകളും മനോഹരമായ വെളുത്ത വരകളുമുണ്ട്. പൈറാലിസ് വർഗത്തിൽ ഉന്നത പദവികളുടെ പേര് നൽകുന്ന ഒരു പ്രത്യേക പാരമ്പര്യം വർഷങ്ങളായുണ്ട്. രാജകീയം (Pyralis regalis), സാമ്രാജ്യത്വം (Pyralis imperialis) എന്നിങ്ങനെയുള്ള പേരുകളുടെ നിരയിലേക്കാണ് ഇപ്പോൾ പരിശുദ്ധ പിതാവിനോടുള്ള ആദരസൂചകമായി ‘പാപ്പാലിയോണി’ എന്ന പേരും ചേർക്കപ്പെടുന്നത്. സഭയുടെ തലവൻ പരിസ്ഥിതിക്കായി ഉയർത്തുന്ന ശബ്ദം ലോകത്തിന് എന്നും മാതൃകയാണെന്ന് ഗവേഷകർ തങ്ങളുടെ ലേഖനത്തിൽ എടുത്തുപറയുന്നു.


ശാസ്ത്രീയമായ നാമകരണം എന്നതിലുപരി വലിയൊരു പ്രതീകാത്മക സന്ദേശം കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് തിരോളർ ലാൻഡസ് മ്യൂസിയം അധികൃതർ വ്യക്തമാക്കി. ലോകം ഇന്ന് വലിയൊരു ജൈവവൈവിധ്യ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ നിലവിലുള്ള ദശലക്ഷക്കണക്കിന് ജീവജാലങ്ങളിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഇതുവരെ ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

2025-ൽ നടന്ന കാലാവസ്ഥാ നീതി കോൺഫറൻസിൽ പോപ്പ് നടത്തിയ ആഹ്വാനത്തെ ഈ നടപടി ഉയർത്തിപ്പിടിക്കുന്നു. വെറും വിവരശേഖരണത്തിൽ നിന്ന് മാറി ജീവജാലങ്ങളെ സ്നേഹിക്കാനും സംരക്ഷിക്കാനും മനുഷ്യൻ തയ്യാറാകണമെന്നായിരുന്നു മാർപാപ്പയുടെ സന്ദേശം. പ്രകൃതിയെയും സൃഷ്ടിയെയും പരിപാലിക്കാനുള്ള മനുഷ്യന്റെ ഉത്തരവാദിത്തത്തെ ലോകത്തിന് മുൻപിൽ ഓർമ്മിപ്പിക്കാനാണ് ഈ പുതിയ നിശാശലഭത്തിലൂടെ ഗവേഷകർ ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web