ക്രൈസ്തവരുടെ രക്തം വീണ കാണ്ടമാല്‍ ജില്ലയില്‍ പുതിയ മിഷന്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ഭുവനേശ്വര്‍/ഒഡീഷ: 2008 -ല്‍ നടന്ന കലാപത്തില്‍ നൂറോളം ക്രൈസ്തവരുടെ രക്തം വീണ് കുതിര്‍ന്ന കാണ്ടമാല്‍ ജില്ലയിലെ സുഗദാബാദിയില്‍ പുതിയ മിഷന്‍ സ്റ്റേഷന്‍ ആരംഭിച്ച് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപത. മിഷന്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് വൈദികര്‍ ചേര്‍ന്ന് അര്‍പ്പിച്ച കൃതജ്ഞതാ ബലിയില്‍ 500 ഓളം വിശ്വാസികള്‍ പങ്കുചേര്‍ന്നു. സുഗദാബാദി മിഷന്‍ സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക അറിയിപ്പ് അതിരൂപതയുടെ വികാരി ജനറല്‍ ഫാ. പ്രദോഷ് ചന്ദ്ര നായക് വായിച്ചു.
ഫാ. പുരുഷോത്തം നായക്കിനാണ് ഈ മിഷന്‍ സ്റ്റേഷന്റെ ചുമതല. ‘ഐക്യം, സ്‌നേഹം, ദാനധര്‍മ്മം, സാഹോദര്യം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ഗ്രാമം. ജനങ്ങള്‍ക്ക് പരിമിതമായ വരുമാന സ്രോതസ്സുകളും ഉപജീവന സൗകര്യങ്ങളുമാണ് ഉള്ളതെങ്കിലും, അവര്‍ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ സമ്പന്നരും ഉദാരമതികളുമാണ്,’ സ്റ്റേഷന്റെ മിഷന്‍ ഇന്‍-ചാര്‍ജ് ഫാ. പുരുഷോത്തം നായക് പറഞ്ഞു.
സുഗദാബാദി സോണിന്റെ പ്രസിഡന്റ് ബിജയ് നായക്, തന്റെ ഗ്രാമത്തെ ഒരു മിഷന്‍ സ്റ്റേഷനായി ഉയര്‍ത്തിയതിന് നന്ദി പ്രകടിപ്പിച്ചു. ഒരു പുരോഹിതന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് കൂദാശകള്‍, കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവരാജ്യം പ്രചരിപ്പിക്കാന്‍ ഈ അവസരം നല്‍കിയതിന് കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചു ബിഷപ് ജോണ്‍ ബര്‍വയോട് അദ്ദേഹം നന്ദി പറഞ്ഞു
2007-2008 കാലഘട്ടത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് ധീരമായി ചെറുത്ത പ്രദേശമാണ് സുഗദാബാദി എന്ന് പ്രാദേശിക മതബോധകനായ അജയ് നായിക്ക് പറഞ്ഞു. അക്രമികള്‍ക്ക് അന്ന് ഇവിടെ ക്രിസ്ത്യാനികളെയോ പള്ളികളെയോ തൊടാന്‍ കഴിഞ്ഞില്ല എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.