കോര്‍പ്പറേഷനുകളില്‍ പുതിയ ഭരണനേതൃത്വം; പുതിയ മേയര്‍മാര്‍ ആരൊക്കെയെന്ന് അറിയാം
തിരുവനന്തപുരം: കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണനേതൃത്വം. വി വി രാജേഷ് തിരുവനന്തപുരം മേയര്‍. സംസ്ഥാനത്തെ ആദ്യ ബിജെപിമേയറുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരും നേതാക്കളും ആഘോഷമാക്കി.
കൊല്ലത്ത് എ കെ ഹഫീസും കൊച്ചിയില്‍ വി കെ മിനിമോളും മേയര്‍മാരായി ചുമതലയേറ്റു. തൃശൂരില്‍ ഡോ നിജി ജസ്റ്റിനും കണ്ണൂരില്‍ പി ഇന്ദിരയും സത്യപ്രതിജ്ഞ ചെയ്തു.
ഒ സദാശിവനാണ് കോഴിക്കോട് മേയര്‍. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും.
51 വോട്ടുകള്‍ നേടിയാണ് തിരുവനന്തപുരം മേയറായി വി വി രാജേഷ് വിജയിച്ചത്. യുഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി.
നന്ദന്‍കോട് വാര്‍ഡില്‍ വിജയിച്ച ക്ലീറ്റസിന്റെ വോട്ടും, വെങ്ങാനൂര്‍ വാര്‍ഡില്‍ വിജയിച്ച ലതികയുടെയും വോട്ട് അസാധു ഒപ്പിട്ടതില്‍ വന്ന പിഴവാണ്. സാധുവായ വോട്ടുകള്‍ 97 എണ്ണമാണ്.
വി വി രാജേഷ് 51, ശബരീനാഥ് 17, ശിവജി 29 എന്നിങ്ങനെയാണ് വോട്ടുനില. ആര്‍. ശ്രീലേഖ ഒഴികെ മുഴുവന്‍ അംഗങ്ങളും കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്നു.
ഏറെ സസ്പെന്‍സുകള്‍ക്കും മുറുമുറുപ്പുകള്‍ക്കും വിവാദത്തിനുമൊടുവില്‍ കൊച്ചിയില്‍ വി കെ മിനിമോളും മേയറായി ചുമതലയേറ്റു. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ വി കെ മിനിമോള്‍ 48 വോട്ട് നേടി.
ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.
മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വര്‍ഗീസ് ഇറങ്ങിപ്പോയത് വലിയ ചര്‍ച്ചയായി.
തൃശൂര്‍ മേയറായി ഡോ നിജി ജസ്റ്റിനും ചുമതലയേറ്റു. മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കിയ ലാലിയുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ലാലി ജെയിംസ് കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ രണ്ടു വിമതരും കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് 35, എല്‍ഡിഎഫ് 13, ബിജെപി .8 സീറ്റുകളുമാണ് നേടിയത്.
കൊല്ലം മേയറായി സത്യപ്രതിജ്ഞ ചെയ്ത എ കെ ഹഫീസ് ഒരു ചരിത്രത്തിലേക്കാണ് നടന്നടുത്തത്. കൊല്ലം കോര്‍പറേഷന്‍ രൂപീകരണത്തിന് ശേഷം ആദ്യത്തെ യുഡിഎഫ് മേയറാകുകയാണ് അദ്ദേഹം. കൊല്ലം കോര്‍പ്പറേഷനില്‍ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ രംഗത്തെത്തിയിരുന്നു.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ആയി പി ഇന്ദിരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സത്യാവാചകം ചൊല്ലി കൊടുത്തു.
56 അംഗ കൗണ്‍സിലില്‍ 36 യു ഡി എഫ് അംഗങ്ങളും ഇന്ദിരയെ പിന്തുണച്ചു. എല്‍ഡിഎഫിന്റെ വി കെ പ്രകാശിനിക്ക് 15 വോട്ടുകളും എന്‍ഡിഎയുടെ അര്‍ച്ചന വണ്ടിച്ചാലിനു 4 വോട്ടുകള്‍ കിട്ടി.
ഒ സദാശിവനാണ് പുതിയ കോഴിക്കോട് മേയര്‍. സിപിഐഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗമാണ്. രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. സദാശിവന് 33 വോട്ടുകളാണ് ലഭിച്ചത്. എസ്‌കെ അബൂബക്കറിന് 28 വോട്ടുകളും ലഭിച്ചു.