പുതുയുഗ കേരളത്തിന് പുതിയ കാല്‍വെപ്പ്: വിഴിഞ്ഞത്ത് നിന്നും ഇനി സമ്പൂര്‍ണ ചരക്കുനീക്കം; മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. 'മിഷന്‍ സമുദ്ര' പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു

 
V D


തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പൂര്‍ണതോതിലുള്ള വാണിജ്യ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തുറമുഖത്തു നിന്നുള്ള ആദ്യത്തെ കയറ്റുമതി കണ്ടെയ്‌നറുകള്‍ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. 

ഇതോടെ വിഴിഞ്ഞത്തു നിന്നുള്ള നേരിട്ടുള്ള സാമ്പത്തിക-വാണിജ്യ നേട്ടങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമായിത്തുടങ്ങും. നേരത്തെ പാശ്ചാത്യ വിപണികളിലേക്കും യൂറോപ്പിലേക്കും ചരക്കുകള്‍ എത്തിക്കാന്‍ രണ്ടു മാസത്തോളം എടുത്തിരുന്നത്, ഇനി വിഴിഞ്ഞത്തു നിന്ന് നേരിട്ടുള്ള സര്‍വീസ് വഴി വെറും 24 ദിവസത്തിനുള്ളില്‍ എത്തിക്കാനാകും. ഇത് ഗതാഗത സമയത്തിലും ലോജിസ്റ്റിക്‌സ് ചെലവിലും ഗണ്യമായ കുറവു വരുത്തും.

  
കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കൈത്തറി എന്നിവയ്ക്ക് രാജ്യാന്തര വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറക്കും. 'റെഡി ടു ഈറ്റ്' ഭക്ഷണ സാധനങ്ങളും പഴങ്ങളും അടങ്ങിയ തിരുവനന്തപുരം ആസ്ഥാനമായ 'നിലമേല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സി'ന്റെ കണ്ടെയ്‌നറുകളാണ് ആദ്യഘട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്.


തുറമുഖ ഉദ്ഘാടനത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ 'മിഷന്‍ സമുദ്ര' പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു. 8 വ്യവസായ ക്ലസ്റ്ററുകളും മൂന്ന് പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് ചെറുകിട-വന്‍കിട തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 

വാണിജ്യ-വ്യവസായ രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം ടൂറിസം മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് കേരളത്തെ ഒരു പ്രധാന ഹബ്ബാക്കി മാറ്റുന്ന മിഷന്‍ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്

ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളും പ്രതിപക്ഷ നേതാവും പരിപാടിയില്‍ പങ്കെടുത്തില്ല കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തുടരേണ്ടി വന്നതിനാലാണ് കേന്ദ്രമന്ത്രി പങ്കെടുക്കാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. 

സര്‍ക്കാരിന്റെയും അദാനി പോര്‍ട്ടിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web