ടൂറിനിലെ തിരുക്കച്ചക്ക് മധ്യപൂര്‍വേഷ്യയുമായുള്ള ബന്ധം സ്ഥിരീകരിച്ച് പുതിയ ഡിഎന്‍എ പഠനം
ടൂറിന്‍/ഇറ്റലി: യേശുവിന്റെ തിരുശരീരം സംസ്‌കാരസമയത്ത് പൊതിഞ്ഞതായി വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയിലെ ഡിഎന്‍എ സാന്നിധ്യത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ തിരുക്കച്ചയുടെ മധ്യപൂര്‍വേഷ്യയുള്ള ബന്ധം സ്ഥിരീകരിക്കുന്നു.
ഇറ്റലിയിലെ പാദുവ സര്‍വകലാശാലയിലെ ഡോ. ജിയാനി ബാര്‍കാച്ചിയ ഉള്‍പ്പെടെയുള്ള പ്രമുഖ ജനിതക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് തിരുക്കച്ചയില്‍ നിന്ന് ശേഖരിച്ച ജനിതക സാമ്പിളുകള്‍ പരിശോധിച്ചത്.
വിവിധ വംശങ്ങളിലും ഭൂപ്രദേശങ്ങളിലും പെട്ട മനുഷ്യരുടെ ഡിഎന്‍എ അടങ്ങിയ ഒരു ‘ജനിതക മൊസൈക്’ ആണ് തിരുക്കച്ചയില്‍ ഗവേഷകര്‍ക്ക് കണ്ടെത്താനായാത്.
മെഡിറ്ററേനിയന്‍ മുതല്‍ ഇന്ത്യന്‍ വംശജര്‍ വരെ ഈ വസ്ത്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പല പ്രദേശങ്ങളിലൂടെയും വ്യത്യസ്ത സമൂഹങ്ങളിലേക്കും ഈ തിരുക്കച്ച കൈമാറപ്പെട്ടു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
എന്നാല്‍ എച്ച്33 എന്ന അപൂര്‍വ്വ ജനിതക സരണിയുടെ (Genetic strand) സാന്നിധ്യമാണ് ഈ കണ്ടെത്തലുകളില്‍ ഏറ്റവും ശ്രദ്ധേയം.
എച്ച്33 എന്നത് ഇന്ന് ലോകത്ത് വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു ഹാപ്ലോഗ്രൂപ്പാണ്.
ഈ ജനിതക വിഭാഗം പ്രധാനമായും കാണപ്പെടുന്നത് മിഡില്‍ ഈസ്റ്റിലെ ഡ്രൂസ് വിഭാഗക്കാര്‍ക്കിടയിലാണ്.
നിലവില്‍ ഇസ്രായേല്‍, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലാണ് ഈ ജനവിഭാഗം വസിക്കുന്നത്.
ഡ്രൂസ് ജനത യഹൂദരുമായി പൊതുവായ ജനിതക പാരമ്പര്യം പങ്കിടുന്നവരാണ്.
ഈ പഠനം തിരുക്കച്ചയുടെ കൃത്യമായ കാലപ്പഴക്കം നിര്‍ണയിക്കുന്നില്ലെങ്കിലും, അത് ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച ഒരു ചരിത്രരേഖയാണെന്ന് തെളിയിക്കുന്നു.
പ്രത്യേകിച്ച്, വിശുദ്ധ നാട്ടിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ജനിതക അടയാളമായ എച്ച്33ന്റെ സാന്നിധ്യം, വിശ്വാസികള്‍ക്കിടയില്‍ ഈ തിരുശേഷിപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
നിലവില്‍ ഇറ്റലിയിലെ ടൂറിനിലുള്ള സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിലാണ് തിരുക്കച്ച സൂക്ഷിച്ചിരിക്കുന്നത്.