ഓണ്‍ലൈന്‍ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് പുതിയ സൈബര്‍ തട്ടിപ്പ്; വ്യാജ മെസേജുകളില്‍ കുടുങ്ങി പണം നഷ്ടപ്പെടുന്നു

 
TAXII


തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണ്‍ലൈന്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി യാത്ര ബുക്ക് ചെയ്ത ശേഷം യാത്രാക്കൂലി മുന്‍കൂറായി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്ന വ്യാജ സന്ദേശം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.

യാത്രയ്ക്കായി വാഹനം എത്തിച്ചേരുന്നതിനിടയിലാണ് ഡ്രൈവര്‍മാര്‍ക്ക് അക്കൗണ്ടിലേക്ക് പണം വന്നതായി വ്യാജ എസ്.എം.എസ് ലഭിക്കുന്നത്. സാങ്കേതിക തകരാറുകള്‍ കാരണം സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് തുക അയച്ചതെന്നും, യാത്രാക്കൂലിയേക്കാള്‍ അധിക തുക കൈമാറിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി യാത്രക്കാരന്‍ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെടും. ആശുപത്രി ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍, അധിക തുക തങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ അയക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്.


ഡ്രൈവിങ്ങിനിടയില്‍ ബാങ്ക് അക്കൗണ്ട് നേരിട്ട് പരിശോധിക്കാന്‍ കഴിയാത്ത ഡ്രൈവര്‍മാര്‍ മെസേജ് വിശ്വസിച്ച് പണം തിരികെ അയക്കുകയും ചെയ്യും. എന്നാല്‍ പറഞ്ഞ സ്ഥലത്തെത്തുമ്പോള്‍ യാത്രക്കാരെയോ ഫോണ്‍ കോളുകളെയോ ബന്ധപ്പെടാന്‍ കഴിയില്ല. തിരുവനന്തപുരം കരിക്കകം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം സമാന രീതിയില്‍ 4,200 രൂപ നഷ്ടമായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയുടെ മറവില്‍ വാട്സ്ആപ്പിലൂടെ അയച്ച ലിങ്ക് വഴിയാണ് തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തത്. സംഭവം വ്യാപകമായതോടെ ഡ്രൈവര്‍മാര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. സംഭവത്തില്‍ ഡ്രൈവറുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web