പീഡിത ക്രൈസ്തവരുടെ നാമധേയത്തില്‍ നോര്‍വേയില്‍ പുതിയ ദേവാലയം
ഓസ്ലോ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ദേവാലയം നോര്‍വേയില്‍ സ്ഥാപിതമായി.
മതേതരവല്‍ക്കരണത്തിന്റെയും അക്രൈസ്തവ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റവും വഴി കുപ്രസിദ്ധിയാര്‍ജ്ജിച്ച നോര്‍വേയിലെ തലസ്ഥാന നഗരമായ നോര്‍വേയിലെ ഓസ്ലോ രൂപതയ്ക്കു കീഴിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 20ന് ദേവാലയം കൂദാശ ചെയ്തത്.
അമേരിക്ക ആസ്ഥാനമായുള്ള 'നസറായന്‍.ഓര്‍ഗ്' എന്ന സന്നദ്ധ സംഘടനയുടെ മേല്‍നോട്ടത്തിലാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
2017 മുതല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ പീഡിത ക്രൈസ്തവരുടെ നാമധേയത്തില്‍ വിവിധയിടങ്ങളില്‍ ദേവാലയം യാഥാര്‍ത്ഥ്യമാക്കിയിരിന്നു.
ലോകമെമ്പാടുമായി സംഘടന സ്ഥാപിച്ച എട്ടാമത്തെ ആരാധന കേന്ദ്രമാണിത്. ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ഫ്രെഡ്രിക് ഹാന്‍സെന്‍ മുഖ്യകാര്‍മ്മികനായി.
രാജ്യത്തു കത്തോലിക്കാ വിശ്വാസത്തിലേക്കു ചെറുതും എന്നാല്‍ ക്രമാനുഗതമായി വളരുന്നതുമായ വഴിത്തിരിവ് കാണാന്‍ കഴിയുന്നുണ്ടെന്നും പ്രത്യേകിച്ച് യുവ നോര്‍വീജിയക്കാര്‍ക്കിടയില്‍, ഇത് സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ സാക്ഷ്യം, സ്വദേശത്ത് വിശ്വാസത്തിലേക്കുള്ള വഴി കണ്ടെത്തുന്നവര്‍ക്ക് പ്രോത്സാഹനവും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2017-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വെസ്റ്റ് 34 തെരുവിലാണ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുള്ള ആദ്യത്തെ മരിയന്‍ ദേവാലയം തുറന്നത്.