ഇറാഖിലെ ക്രൈസ്തവരുടെ തിരിച്ചുവരവിന് പ്രതീക്ഷയേകി ബാഗ്ദാദില്‍ പുതിയ കത്തീഡ്രല്‍

 
cathedral

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദവും യുദ്ധവും വിതച്ച മുറിവുകളെ തുടര്‍ന്നു പലായനം ചെയ്ത ക്രൈസ്തവരെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇറാഖിലെ ആദ്യത്തെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ബാഗ്ദാദില്‍ തുറന്നു.


 നവംബര്‍ 12 വ്യാഴാഴ്ചയാണ് ന്യൂ ബാഗ്ദാദില്‍ കന്യകാമറിയം, സെന്റ് പോള്‍, സെന്റ് ആന്റണി എന്നിവരുടെ നാമധേയത്തില്‍ സ്ഥാപിച്ച കത്തീഡ്രല്‍ തുറന്നത്. 
ഇറാഖില്‍ താമസിക്കുന്ന ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവര്‍ക്കും മറ്റ് സഭകളിലെ ക്രൈസ്തവര്‍ക്കും ഇത് ആശ്വാസത്തിന്റെ ഇടമായി മാറുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.


പലായനം ചെയ്തു വിദേശത്തു തുടരുന്ന ക്രിസ്ത്യാനികളെ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കത്തീഡ്രല്‍ തുറന്നത്. 

പള്ളി തുറക്കുന്നത് ലോകത്തിലെ എല്ലാ ഇറാഖി ക്രിസ്ത്യാനികള്‍ക്കും അവരുടെ രാജ്യത്തേക്ക് മടങ്ങാനുള്ള ഒരു മികച്ച സന്ദേശമാണ് നല്‍കുന്നതെന്നും ഇറാഖ് നിലവില്‍ സുരക്ഷിതമാണെന്നും ഇറാഖി മീഡിയ നെറ്റ്വര്‍ക്കിന്റെ തലവനായ കരീം ഹമ്മദി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ഐഎന്‍എയോട് പറഞ്ഞു.


2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) വടക്കന്‍ ഇറാഖിലെ മൊസൂളിലും, നിനവേ സമതലത്തിലും ആധിപത്യം സ്ഥാപിച്ചത്. ലക്ഷകണക്കിന് പേരാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങള്‍ മൂലം ഭവനരഹിതരായത്. 

ഐഎസ് അധിനിവേശത്തിന്റെ ഇരകളില്‍ ഏറെയും ക്രൈസ്തവര്‍ ആയിരിന്നു. 2003ന് മുമ്പ് ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 1.5 ദശലക്ഷമായിരിന്നത് 250,000 ല്‍ താഴെയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. 

2016-ല്‍ ഐസിസിന്റെ പതനത്തോടെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നിനവേയിലേക്ക് തിരികെ വരുവാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ക്രൈസ്തവര്‍ മേഖലയില്‍ കുറവാണ്.


 

Tags

Share this story

From Around the Web