സോഷ്യല്‍ മീഡിയയുടെ ദോഷങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കാനഡയില്‍ പുതിയ ബില്‍
സോഷ്യല്‍ മീഡിയ കുട്ടികളില്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി കനേഡിയന്‍ സര്‍ക്കാര്‍ ചരിത്രപരമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കുന്ന പുതിയ ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
സാംസ്‌കാരിക മന്ത്രി മാര്‍ക്ക് മില്ലര്‍ ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ച 'സേഫ് സോഷ്യല്‍ മീഡിയ ആക്ട്' (Safe Social Media Act) പ്രകാരം ഇന്‍സ്റ്റാഗ്രാം, ടിക്ടോക്, സ്‌നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് അക്കൗണ്ട് എടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം യുവാക്കളില്‍ ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, ശരീരഘടനയെക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. കൗമാരക്കാരുടെ തലച്ചോറിന്റെ വികാസത്തെയും നിയന്ത്രണങ്ങളെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പല പ്ലാറ്റ്ഫോമുകളുടെയും രൂപകല്‍പ്പനയെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
കര്‍ശനമായ നിയന്ത്രണങ്ങളും പിഴയും
പുതിയ നിയമപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ പ്രായം പരിശോധിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. കൂടാതെ നിലവില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും വേണം. ഇതോടൊപ്പം, കുട്ടികളെ ആകര്‍ഷിക്കുന്ന 'ഇന്‍ഫിനിറ്റ് സ്‌ക്രോളിംഗ്' ഓട്ടോപ്ലേ വീഡിയോകള്‍, കുട്ടികളെ ലക്ഷ്യമിട്ടുള്ള അല്‍ഗോരിതം ഫീഡുകള്‍ എന്നിവ സോഷ്യല്‍ മീഡിയ കമ്പനികള്‍ പരിമിതപ്പെടുത്തേണ്ടി വരും. ഹാനികരമായ ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും, ഉപദ്രവകാരികളായ ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാനും, സ്വയം ഉപദ്രവിക്കല്‍, വംശീയ അധിക്ഷേപങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക ചൂഷണം എന്നിവ തടയാനുമുള്ള ശക്തമായ സംവിധാനങ്ങള്‍ പ്ലാറ്റ്ഫോമുകള്‍ ഒരുക്കണം.
നിയമം നടപ്പിലാക്കുന്നത് നിരീക്ഷിക്കാന്‍ 'ഡിജിറ്റല്‍ സേഫ്റ്റി കമ്മീഷന്‍ ഓഫ് കാനഡ' എന്ന പുതിയ പാനല്‍ രൂപീകരിക്കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 10 മില്യണ്‍ ഡോളറോ അല്ലെങ്കില്‍ അവരുടെ ആഗോള വാര്‍ഷിക വരുമാനത്തിന്റെ 3 ശതമാനമോ (ഏതാണോ വലുത്) പിഴയായി ഒടുക്കേണ്ടി വരും. മുതിര്‍ന്നവര്‍ക്കുള്ള വെബ്സൈറ്റുകള്‍ക്ക് (പോണ്‍ സൈറ്റുകള്‍ ഉള്‍പ്പെടെ) ഇതിലും കര്‍ശനമായ നിയമങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. റോബ്ലോക്‌സ് (Roblox) പോലുള്ള ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെയും എഐ ചാറ്റ്‌ബോട്ടുകളെയും (AI chatbots) ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അവയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.