കുട്ടികളോട് ഈ അഞ്ച് കാര്യങ്ങള്‍ ഒരിക്കലും പറയരുത്; മാതാപിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
 

 
ANGRY FACE


 

കുട്ടികളോട് സംസാരിക്കുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അവര്‍ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നല്ല ഉദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങള്‍ പോലും പലപ്പോഴും കുട്ടികളുടെ മനസില്‍ വിപരീത ഫലമാകും ഉണ്ടാക്കുക.

മാതാപിതാക്കള്‍ നിസാരമായി പറയുന്ന ചില വാക്കുകള്‍ കുട്ടികളുടെ ആത്മവിശ്വാസത്തെയും സ്വഭാവത്തെയും, എന്തിനേറെ നിങ്ങളുമായുള്ള ബന്ധത്തെപ്പോലും ദോഷകരമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ വാക്കുകള്‍ കുട്ടികളുടെ വൈകാരിക സുരക്ഷിതത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിത്തറയാണെന്ന് മനഃശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കുട്ടികളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത അഞ്ച് വാചകങ്ങളും അവയ്ക്ക് പകരം ഉപയോഗിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് താഴെ പറയുന്നവയാണ്.


1. 'ഞാന്‍ പറയുന്നതുപോലെ കേട്ടാല്‍ മതി'
കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴോ തര്‍ക്കിക്കുമ്പോഴോ പെട്ടെന്ന് സംസാരം അവസാനിപ്പിക്കാന്‍ ഭൂരിഭാഗം മാതാപിതാക്കളും ഉപയോഗിക്കുന്ന സ്ഥിരം ഡയലോഗാണിത്. ഇത് തര്‍ക്കം അവസാനിപ്പിച്ചേക്കാമെങ്കിലും കുട്ടികളില്‍ തങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്ന തോന്നല്‍ ഉണ്ടാക്കും.
ഇതിനുപകരം അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ചെറിയ വിശദീകരണങ്ങള്‍ നല്‍കാം. ഉദാഹരണത്തിന്, 'പാര്‍ക്ക് അടയ്ക്കാന്‍ സമയമായി, അതുകൊണ്ട് നമുക്ക് ഇപ്പോള്‍ പോകാം' എന്ന് പറയാം. കാര്യകാരണങ്ങള്‍ വിശദീകരിക്കാതെയുള്ള ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ കുട്ടികളുടെ സ്വയംപര്യാപ്തതയെയും മാതാപിതാക്കളോടുള്ള വിശ്വാസത്തെയും തകര്‍ക്കുമെന്ന് 1991-ല്‍ ജേണല്‍ ഓഫ് ഏര്‍ളി അഡോളസെന്‍സില്‍ (ഖീൗൃിമഹ ീള ഋമൃഹ്യ അറീഹലരെലിരല) പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.


2. 'നിനക്കെന്താ അവനെപ്പോലെ/അവളെപ്പോലെ ആയിക്കൂടാ?'
സഹോദരങ്ങളുമായോ മറ്റ് കുട്ടികളുമായോ ഉള്ള താരതമ്യം കുട്ടികളെ നന്നാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഇത് അവരില്‍ അപകര്‍ഷതാബോധവും വെറുപ്പും ഉണ്ടാക്കാനേ ഉപകരിക്കൂ.
ഇതിനുപകരം ഓരോ കുട്ടിയുടെയും വ്യത്യസ്തമായ കഴിവുകളെ അംഗീകരിക്കുകയും 'നിന്റെ ഈ കഴിവ് എനിക്ക് വലിയ ഇഷ്ടമാണ്' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള താരതമ്യം കുട്ടികളില്‍ ശത്രുത വര്‍ധിപ്പിക്കുകയും അവരുടെ ആത്മാഭിമാനം കുറയ്ക്കുകയും ചെയ്യുമെന്ന് 2005-ലെ ജേണല്‍ ഓഫ് ഫാമിലി സൈക്കോളജിയിലെ പഠനം പറയുന്നു.

3. 'കരയാതിരിക്ക്, ഇതിപ്പോ അത്ര വലിയ കാര്യമാണോ!'
കുട്ടികളുടെ സങ്കടങ്ങളെ നിസാരവല്‍ക്കരിക്കുന്നത്, സ്വന്തം വികാരങ്ങളെ ഉള്ളിലൊതുക്കാന്‍ അവരെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.


പകരം, 'നിനക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാം, നമുക്ക് ഒരുമിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താം' എന്ന് പറഞ്ഞുനോക്കൂ. കുട്ടികളുടെ വികാരങ്ങളെ പരിഗണിക്കാതിരിക്കുന്നത് അവരില്‍ ഉത്കണ്ഠ വര്‍ധിപ്പിക്കാനും വൈകാരിക നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുമെന്ന് 2014-ലെ സോഷ്യല്‍ ഡെവലപ്‌മെന്റ് പഠനം തെളിയിച്ചിട്ടുണ്ട്.

4. 'നിനക്കിതൊന്നും മനസിലാവില്ല, നീ ചെറിയ കുട്ടിയല്ലേ'
മുതിര്‍ന്നവരെപ്പോലെ ജീവിതപരിചയം കുട്ടികള്‍ക്ക് ഉണ്ടാകില്ലെങ്കിലും, അവരുടെ കാഴ്ചപ്പാടുകള്‍ക്കും വിലയുണ്ട്. കുട്ടികളെ പറയുന്നത് കേള്‍ക്കാന്‍ തയാറാകുന്നത് അവരോടുള്ള ബഹുമാനം കാണിക്കാനും വിശ്വാസം വളര്‍ത്താനും സഹായിക്കും.
ചെറിയ കുട്ടികള്‍ക്ക് പോലും അവരുടെ പ്രായത്തിനനുസരിച്ചുള്ള യുക്തിചിന്താശേഷി ഉണ്ടെന്ന് 1969-ലെ 'ദ സൈക്കോളജി ഓഫ് ദി ചൈല്‍ഡ്' എന്ന ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.

5. 'നീ വല്ലാത്ത മടിയനാണ്  അല്ലെങ്കില്‍ നാണക്കാരനാണ്'
കുട്ടികളെ എപ്പോഴും ഇങ്ങനെ മോശം പേരുകള്‍ വിളിച്ച് കുറ്റപ്പെടുത്തുന്നത് അവരുടെ വ്യക്തിത്വത്തെ മോശമായി ബാധിക്കും. തമാശയ്ക്ക് പോലും ഇങ്ങനെ വിളിക്കരുത്.
ഇതിന് പകരം, 'നീ വല്ലാതെ ക്ഷീണിച്ചുവെന്ന് തോന്നുന്നു, അതാണോ ഇന്ന് ഹോംവര്‍ക്ക് ചെയ്യാന്‍ മടി?' എന്ന് ചോദിക്കാം. മോശം ലേബലുകള്‍ നല്‍കുന്നത് അവരുടെ സ്വയം വിലയിരുത്തലിനെ ദോഷകരമായി ബാധിക്കുമെന്ന് 2017-ലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് പഠനം വ്യക്തമാക്കുന്നു. കുറ്റപ്പെടുത്തുന്ന വാക്കുകള്‍ക്ക് പകരം കാര്യങ്ങള്‍ ചോദിച്ചറിയുന്നത് അവരില്‍ വൈകാരിക സുരക്ഷിതത്വം വളര്‍ത്തും.


മാതാപിതാക്കളുടെ വാക്കുകള്‍ക്ക് വലിയ ശക്തിയുണ്ട്. കുട്ടികളെ തളര്‍ത്തുന്നതും താരതമ്യം ചെയ്യുന്നതുമായ വാക്കുകള്‍ ഒഴിവാക്കി, അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. അവരുടെ വികാരങ്ങളെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

Tags

Share this story

From Around the Web