നെവാഡ കാട്ടുതീ: ദുരിതബാധിതര്‍ക്ക് ആശ്വാസമായി കത്തോലിക്ക ദേവാലയങ്ങള്‍
നെവാഡ: അമേരിക്കയിലെ നെവാഡയിലെ റെനോയ്ക്ക് സമീപം അനേകരുടെ പലായനത്തിന് കാരണമായ കാട്ടുതീ വ്യാപനത്തില്‍ ദുരിതബാധിതര്‍ക്ക് അഭയമേകാന്‍ കത്തോലിക്ക ദേവാലയങ്ങള്‍ തുറന്നു നല്‍കി.
ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സഹായനടപടികള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം, റെഡ് ക്രോസുമായി സഹകരിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.
സ്പാര്‍ക്‌സിലെ സെന്റ് തോമസ് അക്വിനാസ് കത്തീഡ്രല്‍, ഹോളി ക്രോസ് കത്തോലിക്ക ദേവാലയങ്ങള്‍ രാത്രിയില്‍ അഭയം തേടിയെത്തുന്നവര്‍ക്കു തുറന്നു നല്‍കിയതായി വിവിധ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീപിടുത്തത്തില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ഏകദേശം 90,000 താമസക്കാരെ ഒഴിപ്പിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി തീരുകയും ചെയ്തിട്ടുണ്ട്.
ജീവനക്കാരെയും സന്നദ്ധപ്രവര്‍ത്തകരെയും മേഖലയില്‍ വിന്യസിക്കുന്നതിനോടൊപ്പം ഹ്രസ്വകാല - ദീര്‍ഘകാല സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളും 'കാത്തലിക് ചാരിറ്റീസ് ഓഫ് നോര്‍ത്തേണ്‍ നെവാഡ' ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
ഭക്ഷണം, മറ്റ് വിഭവങ്ങള്‍ എന്നിവ നല്‍കിയും അഭയകേന്ദ്രങ്ങള്‍ ഒരുക്കിയും സന്നദ്ധപ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവനം തുടരുകയാണ്.