'നേത്രം 26' ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു
തിരുവല്ല : ഒഫ്ത്താൽമിക്ക് സൊസൈറ്റി ഓഫ് പത്തനംതിട്ടയുടെ (OSP) അഞ്ചാമത് വാർഷിക സമ്മേളനമായ 'നേത്രം 26' തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക്ക് സർജൻസിന്റെ (KSOS) കൂടി സഹകരണത്തോടെയാണ് പ്രസ്‌തുത ഏകദിന സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.
സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.എസ്.ഒ.എസ് പ്രസിഡന്റ് ഡോ. രാജീവ് സുകുമാരൻ നിർവ്വഹിച്ചു. ഒ.എസ്.പി പ്രസിഡന്റ് ഡോ. ചെറിയാൻ ഷെയ്ൻ മാത്യു അധ്യക്ഷനായ ചടങ്ങിൽവച്ച് ബിലീവേഴ്‌സ് ആശുപത്രി നേത്രവിഭാഗം മേധാവിയും നേത്രം 26 ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. സതീഷ് തോമസ് സ്വാഗതം ആശംസിച്ചു.
ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, ഒ.എസ്.പി വൈസ് പ്രസിഡന്റും ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ലീന മറിയം വർഗീസ്, ഒ.എസ്.പി സെക്രട്ടറി ഡോ. പ്രിയങ്ക തിലക് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ വച്ച് പീഡിയാട്രിക് ഒഫ്ത്താൽമോളജി രംഗത്ത് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തി പ്രശസ്ത നേത്രരോഗ വിദഗ്ദ്ധ ഡോ. മീനാക്ഷി സ്വാമിനാഥന് ഡോ. മാത്യു ഊന്നുകല്ലിൽ ഒറേഷൻ അവാർഡ് നൽകി ആദരിച്ചു. പത്തനംതിട്ടയിലെ മുതിർന്ന നേത്രരോഗ വിദഗ്ദ്ധയായ ഡോ. റേച്ചൽ ജോസിന് ഒ.എസ്.പിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സമ്മാനിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നേത്രരോഗ വിദഗ്ദ്ധരും പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിൽ, നേത്രചികിത്സാ രംഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും വിശദമായ പ്രബന്ധാവതരണങ്ങളും ചർച്ചകളും നടന്നു.