നെതന്യാഹുവിന്റെ മേക്കപ്പിന് ചെലവ് 4 കോടി, യുദ്ധകാലത്ത് മുടി സ്‌റ്റൈല്‍ ചെയ്യാന്‍ 22 ലക്ഷം രൂപ, 2023ല്‍ ഗസ യുദ്ധം രൂക്ഷമായ സമയത്തുപോലും മേക്കപ്പ് ഇനത്തില്‍ വന്‍തുക ചെലവാക്കി

 
NETHANHU


 
ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും തങ്ങളുടെ മുടി സ്‌റ്റൈല്‍ ചെയ്യുന്നതിനും മേക്കപ്പിനുമായി ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത്. 

2019 മുതല്‍ 2026 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 4.7 ലക്ഷം ഡോളറിലധികം (ഏകദേശം 4 കോടി രൂപ) ഇരുവരുടെയും മേക്കപ്പിനും ഹെയര്‍ സ്‌റ്റൈലിങ്ങിനും ചെലവഴിച്ചതായാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.


ബിന്യാമിന്‍ നെതന്യാഹു, നഫ്താലി ബെന്നറ്റ്, യായിര്‍ ലാപിഡ് എന്നിവരാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇസ്രായേലില്‍ പ്രധാനമന്ത്രിമാരായിരുന്നത്. ഈ പ്രധാനമന്ത്രിമാരുടെ മേക്കപ്പിനും ഹെയര്‍ സ്‌റ്റൈലിങ്ങിനുമായി ഖജനാവില്‍ നിന്ന് ചെലവഴിച്ച തുകയുടെ 90 ശതമാനവും ബിന്യമിന്‍ നെതന്യാഹുവിനും ഭാര്യയ്ക്കും വേണ്ടിയായിരുന്നു.

2025ലാണ് മേക്കപ്പ് ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവായത്, ഏകദേശം 93 ലക്ഷം രൂപ. വിദേശ സന്ദര്‍ശന വേളകളിലും ലക്ഷക്കണക്കിന് രൂപ മേക്കപ്പിനായി ചെലവാക്കി. 2025 ഫെബ്രുവരിയിലെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനുമായി മാത്രം 11 ലക്ഷത്തോളം രൂപയും 2024 ജൂലൈയിലെ അമേരിക്കന്‍ യാത്രയില്‍ 9.6 ലക്ഷം രൂപയും ചെലവിട്ടു.

2023ല്‍ ഗസ യുദ്ധം രൂക്ഷമായ സമയത്തുപോലും മേക്കപ്പ് ഇനത്തില്‍ വന്‍തുക ചെലവാക്കി. 2023 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ 35 ലക്ഷത്തോളം രൂപയാണ് മേക്കപ്പിനും ഹെയര്‍ സ്‌റ്റൈലിങ്ങിനുമായി ചെലവായത്.


മേക്കപ്പിനായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടെങ്കിലും പ്രധാനമന്ത്രിയുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെയും പേരുകള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 'ദേശീയ സുരക്ഷ' ചൂണ്ടിക്കാട്ടിയാണ് ഈ വിവരങ്ങള്‍ മറച്ചുവെച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

വസ്ത്രങ്ങള്‍ക്കും ഔദ്യോഗിക സല്‍ക്കാരങ്ങള്‍ക്കുമായി നെതന്യാഹു 1.12 കോടിയോളം രൂപ ചെലവഴിച്ചപ്പോള്‍ മുന്‍ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റ് 16 ലക്ഷം രൂപയും യായിര്‍ ലാപിഡ് 2.2 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

നേരത്തെയും തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് പൊതുപണം വന്‍തോതില്‍ ഉപയോഗിച്ചതിന് നെതന്യാഹു ദമ്പതികള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്തുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.
 

Tags

Share this story

From Around the Web