ഇസ്രയേൽ ഇടഞ്ഞു തന്നെ: കരാർ തങ്ങൾക്ക് ബാധകമല്ലെന്ന് നെതന്യാഹു
അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാൻ ആണവായുധം ഉണ്ടാക്കാൻ താൻ സമ്മതിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറുകളിൽ ഏർപ്പെട്ടാൽ പോലും ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള അടിയന്തര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രായേൽ എന്ന രാജ്യത്തെ സമ്പൂർണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.
താനും ട്രംപും എല്ലാ കാര്യത്തിലും ഒരേ അഭിപ്രായമുള്ളവരല്ലെന്നും ഇസ്രയേലിൻ്റെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടത് തൻ്റെ കടമയാണെന്നുമാണ് യുഎസ്- ഇറാൻ കരാർ സംബന്ധിച്ച് നെതന്യാഹു വ്യക്തമാക്കിയത്. രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി എത്രകാലം വേണമെങ്കിലും സുരക്ഷാ മേഖലകളിൽ തുടരുമെന്നും തെക്കൻ ലെബനൻ, ഗാസ, സിറിയ എന്നിവിടങ്ങളിൽ നിന്നും സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.