നേപ്പാളിലെ പ്രളയദുരന്തം: ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താങ്ങായി കാരിത്താസ് നേപ്പാള്‍.അടിയന്തര ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, ശുചിത്വ കിറ്റുകള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്
നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തില്‍ മരിച്ചവരുടെ സംഖ്യ 900 കടന്നു. കാഠ്മണ്ഡുവില്‍ നിന്നും മറ്റ് പ്രളയബാധിത മേഖലകളില്‍ നിന്നും ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് 919-ലധികം ആളുകള്‍ മരണപ്പെടുകയും അയ്യായിരത്തോളം ആളുകളെ (4,700ലധികം) കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പ്രത്യാശയുടെ കരം വിരിച്ച് ഇവരെ ചേര്‍ത്ത് പിടിക്കുകയാണ് കത്തോലിക്കാ സഭയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് നേപ്പാള്‍.
പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ അടിയന്തര ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, ശുചിത്വ കിറ്റുകള്‍ എന്നിവ കാരിത്താസ് വിതരണം ചെയ്യുന്നുണ്ട്.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക തമ്പുകളും ഷെല്‍ട്ടറുകളും ഒരുക്കുന്നതിനായി റിലീഫ് ക്യാമ്പുകള്‍ സജ്ജീകരിച്ചു.
കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി ബോഡി ബാഗുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാമഗ്രികള്‍ അധികൃതര്‍ക്ക് കൈമാറാന്‍ കാരിത്താസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, തുടര്‍ച്ചയായി പെയ്യുന്ന മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റോഡുകളും പാലങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് പല ഗ്രാമങ്ങളും പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നേപ്പാള്‍ സൈന്യവും പൊലീസും പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്.
ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോടും ജീവകാരുണ്യ പ്രസ്ഥാനങ്ങളോടും കാരിത്താസ് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
പ്രളയബാധിതര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും വരും ദിവസങ്ങളിലും നല്‍കുമെന്ന് കാരിത്താസ് ഭാരവാഹികള്‍ വ്യക്തമാക്കി.