നേപ്പാള്‍ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയ ദുരന്തത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 768 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തത്തില്‍ ഏകദേശം 2500 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെങ്കിലും മരണസംഖ്യ ഇനിയും വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
പ്രളയത്തില്‍ മരിച്ച, ഇതുവരെ തിരിച്ചറിയപ്പെടാത്ത അനവധി മൃതദേഹങ്ങള്‍ വിവിധയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. പഴകിയ ശവശരീരങ്ങള്‍ ദുര്‍ഗന്ധത്തിനും മറ്റ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ വേഗത്തില്‍ സംസ്‌കരിക്കാനുള്ള നടപടികളിലേക്ക് നേപ്പാള്‍ ഭരണകൂടം കടക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ മൃതദേഹങ്ങളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ നടത്തുക.
പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നേപ്പാളും അയല്‍രാജ്യമായ ചൈനയും തമ്മിലുള്ള ഒരു തര്‍ക്കത്തിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ ഹിമാനികള്‍ പൊട്ടിയുണ്ടായ വലിയ വെള്ളപ്പാച്ചിലാണ് പ്രളയത്തിന് കാരണമായതെന്നും, എന്നാല്‍ ചൈന ഇക്കാര്യം തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്നുമാണ് നേപ്പാള്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ നേപ്പാളിന്റെ ഈ ആരോപണങ്ങള്‍ ചൈനീസ് അധികൃതര്‍ തള്ളിക്കളഞ്ഞു.
ദുരന്തമേഖലയില്‍ റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും പ്രധാനമായും നടക്കുന്നത്. ദുരന്തത്തിന്റെ ആദ്യഘട്ടത്തില്‍ ജീവനുള്ളവരെ കണ്ടെത്താനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ ഉള്‍പ്പെടെ എടുത്തുമാറ്റുന്ന രണ്ടാം ഘട്ടത്തിലേക്ക് രക്ഷാപ്രവര്‍ത്തനം മാറിയിട്ടുണ്ട്. ദുരന്തത്തില്‍ നേപ്പാളിനെ സഹായിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ഇതിനോടകം തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. അവശ്യസാധനങ്ങളും സഹായങ്ങളുമായി ഇന്ത്യയുടെ നാലാമത്തെ വിമാനവും ഇന്ന് നേപ്പാളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.