നേപ്പാള്‍ പ്രളയം: കണ്ടെത്താനുള്ളത് 285 ഇന്ത്യക്കാരെ, മരണം 469. മലയാളികളായ 33 പേരടക്കം 285 ഇന്ത്യക്കാരെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല
 

 
nepal

കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. 285 ഇന്ത്യക്കാരെയാണ് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ പൗരന്മാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം പ്രളയത്തില്‍ മരണസംഖ്യ 469 ആയി ഉയര്‍ന്നു.


മലയാളികളായ 33 പേരടക്കം 285 ഇന്ത്യക്കാരെയാണ് ഇതുവരെ ബന്ധപ്പെടാന്‍ കഴിയാത്തത്. ഇവരെ കണ്ടെത്തുന്നതിനായി ഉള്ള നടപടി ആരംഭിച്ചതായി നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. തൃശൂലി പ്രൊജക്ടിലെ ജീവനക്കാരായ 63 പേരെ രക്ഷപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നുള്ള 21 പേരെയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ബംഗാളില്‍ നിന്നുള്ള 37 പേരുടെ സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചൈന അതിര്‍ത്തിയില്‍ കുടുങ്ങിയ 200 പേരെയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

  
വിവിധ രാജ്യങ്ങളില്‍ നിന്നായി 1500ലധികം പേരെയാണ് കണ്ടെത്താനുള്ളത്. റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ വ്യോമ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. മരണപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. തിരച്ചിലിനായി പ്രത്യേക സംഘത്തെ ഇന്ത്യ ഉടന്‍ അയച്ചേക്കും. മരുന്നും ഭക്ഷണവും അടക്കമുള്ള സാമഗ്രികള്‍ വഹിച്ചുള്ള മൂന്നാം ഇന്ത്യന്‍ വിമാനം നേപ്പാളിലേക്ക് ഇന്ന് പുറപ്പെടും. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറും യുപിയും കനത്ത ജാഗ്രതയിലാണ്.

Tags

Share this story

From Around the Web