നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി രമേശ് ചെന്നിത്തല
പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തിന് ആശ്വാസമേകി മകള്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പുനല്‍കി.
കേസില്‍ കോടതി വിധി പ്രസ്താവിച്ച വേളയില്‍ സുധാകരന്റെ മക്കള്‍ക്ക് ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച് നടപടികള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി അവര്‍ വ്യക്തമാക്കി. മുന്‍പ് പല ഘട്ടങ്ങളിലും വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും കേസിന്റെ വിധി വരുന്നതിനും ആവശ്യമായ രേഖകള്‍ തയ്യാറായി എത്തുന്നതിനുമുണ്ടായ കാലതാമസമാണ് നടപടികള്‍ വൈകാന്‍ കാരണമായത്. കേസിന്റെ നടപടികള്‍ അവസാനിച്ചതോടെയാണ് ഇപ്പോള്‍ അനുകൂല തീരുമാനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
സുധാകരന്റെ ഇളയ മകള്‍ക്കാണ് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രായമേറിയ അപ്പാപ്പന്റെയും അമ്മാമ്മയുടെയും കൂടെ കഴിയുന്ന ഈ കുട്ടിക്ക് അവരുടെ സംരക്ഷണച്ചുമതലകൂടി ഉള്ളതിനാല്‍ ഒരു ജോലി അത്യന്താപേക്ഷിതമാണെന്ന് കുടുംബം ചൂണ്ടിക്കാണിക്കുന്നു.
ജോലി ലഭ്യമാക്കുന്ന നടപടികള്‍ വേഗത്തിലാക്കുന്നതിനായി പാലക്കാട് കളക്ടറേറ്റില്‍ നിന്ന് ഉടന്‍തന്നെ പ്രൊപ്പോസല്‍ നല്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ആവശ്യമായ റിപ്പോര്‍ട്ടുകളും അനുബന്ധ രേഖകളും അധികൃതര്‍ക്ക് കുടുംബം ഇതിനകം കൈമാറിക്കഴിഞ്ഞു.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ വേഗത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയിലാണ് സുധാകരന്റെ മക്കളും ബന്ധുക്കളും.