നെന്മാറ ഇരട്ടക്കൊലക്കേസ്, പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു കോടതി
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ ഇരുഭാഗങ്ങളുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണങ്ങളും പ്രോസിക്യൂഷൻ വാദങ്ങളും
വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. ജാമ്യം ലംഘിച്ചാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നും, ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ട് ഉണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
"ഇനി പുറത്തിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലും, താൻ ഗാന്ധിയൊന്നുമല്ല" എന്നായിരുന്നു ചെന്താമര കോടതിയിൽ പറഞ്ഞത്. താൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ലെന്നും എന്നാൽ ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും പ്രതി ആവർത്തിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ ഡിഫൻസ് കൗൺസിൽ മുൻപാകെ പ്രതി കുറ്റബോധം പ്രകടിപ്പിച്ചെങ്കിലും, പൊതുവെ പ്രതിക്ക് മാനസാന്തരമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇരകളുടെ ഭാഗത്തുനിന്ന് പ്രകോപനം ഒന്നും ഉണ്ടായിരുന്നില്ലെന്നും, പ്രകോപനം ഇല്ലാതെയാണ് ചെന്താമര ഈ കുറ്റകൃത്യം ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
സമൂഹത്തിന് പ്രതി വലിയ ഭീഷണിയാണെന്നും, മനസാന്തരപ്പെടാനുള്ള സാധ്യത ഇല്ലാത്തതിനാൽ ഇത്തരം കുറ്റവാളികൾക്ക് വധശിക്ഷ നൽകാമെന്ന് വിവിധ ഹൈക്കോടതി വിധികൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. "എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്, എല്ലാ വിശുദ്ധർക്കും ഭൂതകാലമുണ്ട്" എന്ന പരാമർശത്തോടൊപ്പം, സുധാകരന്റെ മക്കൾക്ക് ചെന്താമര കടുത്ത ഭീഷണിയാണെന്നും കോടതി കൂട്ടിച്ചേർത്തു.