ക്യൂബയിലേക്ക് വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഓസ്തി എത്തിച്ച് അയല്‍ രാജ്യങ്ങള്‍. 20,000 ഓസ്തിയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുന്നത്
ഹവാന: ക്യൂബയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഓസ്തി ലഭ്യത കുറവിനെ തുടര്‍ന്നു ക്ഷാമം പരിഹരിക്കാന്‍ കോസ്റ്റാറിക്കയിലെ കത്തോലിക്ക സഭയുടെ ഇടപെടല്‍. 20,000 ഓസ്തിയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുന്നത്.
ജൂണില്‍ പ്യൂര്‍ട്ടോ റിക്കോയും പനാമയും നടത്തിയ സമാനമായ സഹായങ്ങള്‍ക്ക് ഒപ്പമാണിത്. മാവ് പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും ദ്വീപിലുടനീളമുള്ള തുടര്‍ച്ചയായ വൈദ്യുതി മുടക്കവും കാരണം, ക്യൂബയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഓസ്തിയുടെ ഉല്‍പ്പാദനം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയായിരിന്നുവെന്നും ഈ പശ്ചാത്തലത്തിലാണ് സഹായമെന്നും കോസ്റ്റാറിക്കയിലെ മെത്രാന്‍ സമിതി അറിയിച്ചു.
കോസ്റ്റാറിക്കയിലെ ഓരോ പള്ളിയിലേക്കും ഓസ്തി വിതരണം ചെയ്യുന്ന എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ നിര്‍മ്മാണശാലയില്‍ നിന്നു ഹോളി റിഡീമര്‍ സന്യാസ സമൂഹത്തിലെ ഫാ. ഹോസെ അരായയും സംഘവും ഓസ്തി ഏറ്റുവാങ്ങി.
ഇപ്പോഴത്തെ ക്യൂബയിലെ സാഹചര്യം മേഖലയിലെ സഹോദര സഭകളുടെ ഐക്യദാര്‍ഢ്യത്തെ ഉണര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍, ക്യൂബയിലുടനീളം വിതരണം ചെയ്യാനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഓസ്തി കാര്‍മ്മലൈറ്റ് സമൂഹത്തിന്റെ ആസ്ഥാനമായ സാന്താ തെരേസ ആന്‍ഡ് സാന്‍ ജോസ് ആശ്രമത്തിലാണ് നിര്‍മ്മിക്കുന്നത്.
ദശാബ്ദങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും, അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയും ഉള്‍പ്പെടെ ക്യൂബയുടെ നിലവിലെ അവസ്ഥ ദയനീയമാണ്.
ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കടുത്ത ക്ഷാമത്തിനൊപ്പം മിക്ക പ്രവിശ്യകളിലും ദിവസത്തില്‍ 20 മണിക്കൂറിലേറെ നീളുന്ന വൈദ്യുതി മുടക്കവും തുടരുന്ന സാഹചര്യമാണു ക്യൂബയിലുള്ളത്.
അതേസമയം രാജ്യത്തിലേക്ക് വിവിധ കത്തോലിക്ക സംഘടനകള്‍ സഹായം നല്‍കിവരുന്നുണ്ട്.