നെഹ്റു ട്രോഫി ജലമേള ആഗസ്റ്റ് 30 ന്

ആലപ്പുഴ:ആലപ്പുഴയുടെ കായലോളങ്ങള്‍ ആവേശത്തില്‍ ആറാടാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ഈ മാസം 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71 മത് നെഹ്‌റു ട്രോഫി ജലമേളയില്‍ ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക.
മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി വിശിഷ്ടാതിഥികളാണ് മത്സരം കാണാന്‍ പുന്നമടക്കായലില്‍ എത്തുന്നത്. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെയാണ് കായലോളത്തില്‍ ആവേശത്തുഴയെറിഞ്ഞ് മത്സരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ വില്ലേജ് ബോട്ട് ക്ലബ് വീയപുരം ചുണ്ടനിലാണ് ഇത്തവണയും കരക്കാര്‍ക്ക് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വിജയികളായ മേപ്പാടം ചുണ്ടനും കപ്പടിക്കാന്‍ കോപ്പുകൂട്ടുന്നുണ്ട്.
കൂടാതെ നടുഭാഗം, ചെറുതന, കാരിച്ചാല്‍, കരുവാറ്റ, ചമ്പക്കുളം, നിരണം, പായിപ്പാട് എന്നീ ചുണ്ടന്‍ വള്ളങ്ങളും തീവ്ര പരിശീലനത്തിലാണ്.
ഓരോ ചുണ്ടന്‍ വള്ളത്തെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് വേണ്ടി വമ്പന്‍ കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ കരക്കാര്‍ കളിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളും ഏറെ ആവേശത്തിലാണ്. പഴയകാലത്ത് ഓരോ കരകളില്‍ നിന്നായിരുന്നു വള്ളങ്ങള്‍ പുന്നമടയില്‍ എത്തിയിരുന്നത്.
എന്നാല്‍ കാലം മാറിയതോടെ ഓരോ ചുണ്ടന്‍ വള്ളത്തെയും ക്ലബ്ബുകളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതിന് വലിയ കമ്പനികള്‍ ആലപ്പുഴയില്‍ എത്തിത്തുടങ്ങി. വിജയസാധ്യതയുള്ള ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ വന്നിരിക്കുന്നത് ഓരോ വര്‍ഷവും ഒരു ചുണ്ടന്‍ നെഹ്‌റു ട്രോഫി മത്സരം കഴിഞ്ഞ് പുറത്തു വരുമ്പോള്‍ രണ്ടു കോടിയാണ് ചിലവ് വരുന്നത്.
പഴയകാലത്ത് തുഴച്ചില്‍കാര്‍ക്ക് പ്രതിഫലം നല്‍കാറില്ല എങ്കിലും ഇന്നത്തെ കാലത്ത് കഥയാകെ മാറി. ഓരോ തുഴച്ചില്‍ക്കാരന്റെയും കൈക്കരുത്തിനനുസരിച്ചാണ് പ്രതിഫലം നല്‍കുന്നത്. അങ്ങനെ കോടികള്‍ മുടക്കി ഇത്തവണ ആര് കപ്പടിക്കും എന്ന് കാണുന്നതിന് വേണ്ടിയാണ് വള്ളംകളി പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.