നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; സിബിഐ കുറ്റപത്രം അടുത്ത മാസം മൂന്നിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: നീറ്റ് യുജി 2026 ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം അടുത്ത മാസം മൂന്നിന് സമര്‍പ്പിക്കും. അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് മൂന്ന് ദിവസം കൂടി പ്രത്യേക അതിവേഗ കോടതി അനുവദിച്ചു.
കുറ്റപത്രത്തിനൊപ്പം രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. രേഖകള്‍ വലുതാണെന്നും സ്‌കാന്‍ ചെയ്തുവരികയാണെന്നും സിബിഐ വ്യക്തമാക്കി.
വിട്ടുപോയ സാക്ഷിമൊഴികളും അനുബന്ധ രേഖകളും സമര്‍പ്പിക്കുന്നതിനായാണ് അതിവേഗ കോടതി മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചത്.
20,000 പേജുള്ള കുറ്റപത്രത്തില്‍ 360 സാക്ഷികളെയും 422 രേഖകളും 43 തൊണ്ടിമുതലുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ സ്‌കാന്‍ ചെയ്ത് നല്‍കാന്‍ വലിയ സമയം വേണ്ടിവന്നതിനാലാണ് രേഖകള്‍ പൂര്‍ണമായി സമര്‍പ്പിക്കാന്‍ വൈകിയത്.
കോച്ചിങ് സെന്റര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അതിവേഗത്തില്‍ കുറ്റപത്രം തയ്യാറാക്കിയത്.
യഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, ധനഞ്ജയ് ലോകാണ്ഡെ, പ്രഹലാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ശിരൂര്‍, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കര്‍, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവരാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികള്‍.
കേസില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച അന്വേഷണം സിബിഐ തുടരുകയാണ്.
കേസിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ 47 എന്‍ടിഎ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേയ് 12-നാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.