നീറ്റ് യുജി 2025 പരീക്ഷയില്‍ 99.99%, 1475-ാം റാങ്ക്; എന്നിട്ടും ഡോക്ടറാകാന്‍ ഇഷ്ടമല്ല; ഒടുവില്‍ 19കാരന്‍ ആത്മഹത്യ ചെയ്തു

ഒരു ഡോക്ടര്‍ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എഴുതിവെച്ച ശേഷം വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാനിരുന്ന അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന വിദ്യാര്‍ഥിയാണ് ജീവനടുക്കിയത്.
മെഡിക്കല്‍ കോളജ് പ്രവേശനത്തിനായി പോകാനിരുന്ന ദിവസമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. എംബിബിഎസ് കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതിനായി പ്രവേശനത്തിനായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം.
സ്വന്തം വീട്ടിലാണ് അനുരാഗ് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ അനുരാഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥി എഴുതിയതെന്ന് കരുതുന്ന, ഒരു ഡോക്ടര്‍ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. അടുത്തിടെ നടന്ന നീറ്റ് യുജി 2025 പരീക്ഷയില്‍ 99.99 പെര്‍സെന്റൈലോടെ മികച്ച വിജയമാണ് അനുരാഗ് നേടിയത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒബിസി വിഭാഗത്തില്‍ 1475 ആണ് അനുരാഗിന്റെ റാങ്ക്